തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ ശിപാർശ ചെയ്യാനുള്ള സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കും; നിർണായക ബിൽ ഇന്ന് രാജ്യസഭയിൽ
പുതിയ നിയമപ്രകാരം ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് സമിതിയിൽ ഉണ്ടാവുക.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിൽ സുപ്രിംകോടതി വിധി മറികടക്കാനുള്ള നിയമനിർമാണവുമായി കേന്ദ്രസർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ ശിപാർശ ചെയ്യാനുള്ള സമിതിയിൽനിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കും. സമിതിയിൽ പ്രധാനമന്ത്രി, പ്രതിപക്ഷ കക്ഷി നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവർ വേണമെന്നായിരുന്നു സുപ്രിംകോടതി വിധി. ഇത് മറികടക്കാനാണ് കേന്ദ്രസർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നത്.
നിർണായക ബിൽ നിയമമന്ത്രി അർജുൻ രാം മേഘ് വാൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. പുതിയ നിയമപ്രകാരം ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയാണ് സമിതിയിൽ ഉണ്ടാവുക.
തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനായി നിഷ്പക്ഷ സംവിധാനം വേണമെന്ന് സുപ്രം കോടതി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ സുപ്രധാന നിയമനങ്ങൾ നടത്താൻ സമിതിയെ തീരുമാനിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. സി.ബി.ഐ ഡയറക്ടർമാരെ നിയമിക്കുന്ന മാതൃകയിൽ സമതിക്ക് രൂപം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.
Adjust Story Font
16