യു.പി ചൈൽഡ് ഹോമിൽ കട്ടിലിൽ കിടന്ന പെൺകുട്ടിയെ ചെരിപ്പ് കൊണ്ട് ക്രൂരമായി മർദിച്ച് വനിതാ സൂപ്രണ്ട്; സസ്പെൻഷൻ
സിറ്റി മജിസ്ട്രേറ്റിനൊപ്പം ഷെൽറ്റർ ഹോം സന്ദർശിച്ച ഡിപിഒ അജയ് പാൽ സിങ്, ഇത്തരം പ്രവൃത്തികൾ ഒരിക്കലും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി.
ലഖ്നൗ: ഉത്തർപ്രദേശിൽ ചൈൽഡ് ഷെൽറ്റർ ഹോമിൽ കട്ടിലിൽ കിടക്കുകയായിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചെരിപ്പ് കൊണ്ടടിച്ച് വനിതാ സൂപ്രണ്ട്. ആഗ്രയിലെ രാജ്കിയ ബാൽ ഗൃഹിലാണ് സംഭവം. ഉറങ്ങുകയായിരുന്ന കുട്ടിയെ ഓടിവന്ന സൂപ്രണ്ട് താഴെ കിടന്ന ചെരിപ്പെടുത്ത് നിരവധി തവണ അടിക്കുന്ന വീഡിയോ വൈറലായതോടെ അധികൃതർ നടപടി സ്വീകരിച്ചു. സൂപ്രണ്ട് പൂനം പാൽ ആണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റ് വിഷയം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പ്രൊബേഷണറി ഓഫീസറോട് (ഡിപിഒ) നിർദേശിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം ഡിപിഒ ചൈൽഡ് ഷെൽറ്റർ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചതിനെത്തുടർന്ന് ലഖ്‌നൗവിലെ വനിതാ ക്ഷേമ വകുപ്പ് ഡയറക്‌ടർ ഒഫീഷ്യൽ സൂപ്രണ്ട് പൂനം പാലിനെ സസ്പെൻഡ് ചെയ്തു.
സിറ്റി മജിസ്ട്രേറ്റിനൊപ്പം ഷെൽറ്റർ ഹോം സന്ദർശിച്ച ഡിപിഒ അജയ് പാൽ സിങ്, ഇത്തരം പ്രവൃത്തികൾ ഒരിക്കലും സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി. സെപ്തംബർ നാലിനായിരുന്നു സംഭവമെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മുറിയിലേക്ക് ഓടിവന്ന പൂനം പാൽ താഴെ കിടന്ന ചെരിപ്പെടുത്ത് കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിയുടെ തലയിലും മുഖത്തും പുറത്തും കൈകളിലുമൊക്കെ തുരുതുരാ അടിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനവും പ്രതിഷേധവുമാണ് സൂപ്രണ്ടിനെതിരെ ഉയർന്നത്. അതേസമയം, തനിക്ക് പറയാനുള്ളത് താൻ ഡിപിഒയോട് പറഞ്ഞിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു സംഭവത്തിൽ പൂനം പാലിന്റെ പ്രതികരണം. സംഭവത്തിൽ സൂപ്രണ്ടിനെതിരെ പൊലീസ് കേസെടുക്കാത്തതിൽ വിമർശനം ശക്തമാണ്.
Adjust Story Font
16