ഡൽഹിയിലും ചർച്ചിനുനേരെ ബജ്രങ്ദൾ ആക്രമണം
'ദേശദ്രോഹികളെ വെടിവച്ചുകൊല്ലൂ' എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഹിന്ദുത്വ ആക്രമണം. കോവിഡ് നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടിയതിന് ചർച്ചിലെത്തിയവർക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്
കർണാടകയ്ക്ക് പിന്നാലെ ഡൽഹിയിലും ചർച്ചിനുനേരെ ഹിന്ദുത്വ ആക്രമണം. ഡൽഹിയിലെ ദ്വാരകയിൽ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച പള്ളി ബജ്രങ്ദൾ സംഘം തകർത്തു. പള്ളിയിലെ ആദ്യ ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെയായിരുന്നു ആക്രമണം.
ബജ്രങ്ദൾ ആക്രമണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ''ദേശ് കെ ഗദ്ദാറോൻ കോ, ഗോലി മാറോ സാലോൻ കോ''(ദേശദ്രോഹികളെ വെടിവച്ചുകൊല്ലൂ...) എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ഹിന്ദുത്വ സംഘം വിശ്വാസികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്.
മാട്ടിയാല റോഡില്‍ പള്ളിയാക്കി മാറ്റിയ ഗോഡൗണിൽ പ്രാർത്ഥനകൾ ആരംഭിക്കാനിരിക്കെയാണ് അക്രമിസംഘമെത്തിയതെന്ന് ബിന്ദാപൂർ പൊലീസ് പറയുന്നു. പരിസര പ്രദേശങ്ങളിൽനിന്നുള്ള സംഘമാണ് അക്രമികളെന്നാണ് പൊലീസ് കരുതുന്നത്.
Church vandalised in Delhi's Dwarka allegedly by Bajrang Dal and RSS. The church was holding its first Sunday prayer. One person injured. pic.twitter.com/f0X9Xm5vf7
— Nikita Jain (@nikita_jain15) November 28, 2021
സംഭവത്തിൽ രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അക്രമികൾക്കെതിരെ പൊതുശല്യം ചൂണ്ടിക്കാട്ടി കേസെടുത്തപ്പോൾ ഡൽഹി ദുരന്ത നിവാരണ നിയമ മാർഗനിർദേശങ്ങൾ ലംഘിച്ച കുറ്റത്തിന് പള്ളിയിലുണ്ടായിരുന്നവർക്കെതിരെയും കേസുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ ഒരുമിച്ചുകൂടുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. ആരാധനാലയങ്ങള്‍ തുറക്കാൻ അനുമതി നൽകിയിരുന്നെങ്കിലും പള്ളിയാക്കി മാറ്റിയ ഗോഡൗൺ ആരാധനാകേന്ദ്രമായി കണക്കാക്കാനാകില്ലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം കർണാടകയിലും പള്ളിയിലെ ഞായറാഴ്ച പ്രാർത്ഥനയ്ക്കുനേരെ ബജ്രങ്ദൾ ആക്രമണമുണ്ടായിരുന്നു. ഹാസൻ ജില്ലയിലെ ബേളൂരിലായിരുന്നു പള്ളിയിലെത്തിയ ക്രിസ്ത്യൻ വിശ്വാസികളെ ഹിന്ദുത്വസംഘം നേരിട്ടത്. നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം.
Summary: A warehouse-turned-church in Delhi's Dwarka vandalised by members of Hindutva group Bajrang Dal. The attack reportedly took place when the church was holding its first Sunday prayer.
Adjust Story Font
16