പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ
പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്രസർക്കാർ ഇന്ന് വിജ്ഞാപനം ചെയ്യുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പൗരത്വത്തിനായുള്ള നടപടിക്രമങ്ങൾക്കായി ഓൺലൈൻ പോർട്ടൽ തയ്യാറാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരത്വത്തിന് അപേക്ഷിക്കുന്നവർ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വർഷം വ്യക്തമാക്കേണ്ടതുണ്ടെന്നും പറഞ്ഞു. അപേക്ഷകരിൽനിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സിഎഎ സംബന്ധിച്ചുള്ള കേസ് സുപ്രിംകോടതിയിൽ നിലനിൽക്കവേയാണ് നിയമം നടപ്പാക്കിയിരിക്കുന്നത്.
ജില്ലാതലത്തിലുള്ള സമിതികൾ മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൻ നൽകുന്ന രേഖകൾ പരിശോധിക്കാൻ ജില്ലാ തലത്തിൽ ഉദ്യോഗസ്ഥൻ ഉണ്ടാകും. അപേക്ഷകൾ പരിഗണിക്കാൻ എംപവർഡ് സമിതികൾ രൂപീകരിക്കും. പൗരത്വം ലഭിക്കുന്നവർക്ക് ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇന്ത്യൻ വംശജർ, ഇന്ത്യൻ പൗരനെ വിവാഹം ചെയ്തവർ, ഇന്ത്യൻ പൗരന്റെ പ്രായപൂർത്തിയാകാത്ത മക്കൾ, അച്ഛനമ്മമാരിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരൻ ആയവർ തുടങ്ങിയവർക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാമെന്നും വിജ്ഞാപനത്തിൽ പറഞ്ഞു. 39 പേജുള്ള ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്. അപേക്ഷയുടെ മാതൃക, സത്യവാചകത്തിന്റെ മാതൃക എന്നിവയും ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്. രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു.
അതേസമയം, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുൻപ് വിജ്ഞാപനം ഇറക്കിയത് വർഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നും പറഞ്ഞു.
അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ആവശ്യപ്പട്ട് കോടതിയെ സമീപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. പുറത്തുവരുന്ന വാർത്ത ഉത്കണ്ഠ ഉണ്ടാക്കുന്നതാണെന്നും സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ നിരവധി പേരുടെ ജീവൻ ബലിയാടായപ്പോൾ തന്നെ ലീഗ് നിയമപോരാട്ടം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ നടത്തി പ്രതിഷേധത്തിന്റെ രൂപം തീരുമാനിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. സിഎഎ വിഷയത്തിൽ മുസ്‌ലിംലീഗ് നേരത്തെ തന്നെ സുപ്രിംകോടതിയെ സമീപിച്ചിരുന്നുവെന്നും പെട്ടന്ന് നടപ്പാക്കില്ലെന്ന് കേന്ദ്രം കോടതിയിൽ സത്യവാങ് മൂലം നൽകിയതാണെന്നും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. വോട്ട് ലക്ഷ്യമാക്കിയാണ് കേന്ദ്ര നീക്കമെന്നും കുറ്റപ്പെടുത്തി.
പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കൊടുത്ത കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ സിഎഎ നടപ്പിലാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ഇത്തരം പ്രഖ്യാപനം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും ഇത് ചോദ്യം ചെയ്ത് കോടതി സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാതിമത അടിസ്ഥാനത്തിൽ പൗരത്വമെന്നത് ലോകം അംഗീകരിക്കാത്തതാണെന്നും സിഎഎ നടപ്പിലാക്കുന്നത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ബിജെപിയുടെ ആത്മവിശ്വാസം ചോർന്നിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം, സിഎഎ നടപ്പാക്കിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. ഒമ്പത് തവണ മാറ്റിവെച്ച വിജ്ഞാപനം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൊണ്ടുവന്നതിന്റ ലക്ഷ്യം ധ്രുവീകരണമാണെന്ന് ജയറാം രമേശ് വിമർശിച്ചു. ഇലക്ടറൽ ബോണ്ട് വിധിയിലെ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു. സിഎഎയിലൂടെ ബിജെപിയുടെ വർഗീയ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ഒരു മതവിഭാഗത്തെ അന്യവത്ക്കരിക്കുകയാണെന്നും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയവും നിയമപരവുമായ പോരാട്ടങ്ങളിലൂടെ എതിർക്കുമെന്നും എല്ലാവരുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും വ്യക്തമാക്കി.
മതേതര ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് സിഎഎ നടപ്പാക്കിയതെന്ന് സിപിഐ നേതാവ് ആനിരാജ കുറ്റപ്പെടുത്തി. ഈ നീക്കത്തെ അതിശക്തമായി അപലപിക്കുന്നുവെന്നും വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള തന്ത്രമാണിതെന്നും പറഞ്ഞു. സമവായമില്ലാതെ നിയമം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നും മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പൗരത്വഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവകാശപ്പെട്ടു.
Adjust Story Font
16