'പരീക്ഷപ്പേടി'; ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയത് പന്ത്രണ്ടാം ക്ലാസുകാരൻ
ബോംബ് ഭീഷണികളെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു വിദ്യർഥിയുടെ ലക്ഷ്യം
ന്യൂഡൽഹി: ഡല്‍ഹിയെ ആഴ്ചകളോളം പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്റെ പരീക്ഷാഭയം. പരീക്ഷാഭയം മൂലം പരീക്ഷകള്‍ റദ്ദാക്കാന്‍ നിരവധി സ്‌കൂളുകള്‍ക്ക് നേരെ വിദ്യാർഥി ബോംബ് ഭീഷണി മുഴക്കിയതായി പൊലീസ് പറഞ്ഞു. വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ താനാണ് മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആറ് തവണ ബോംബ് ഭീഷണി മുഴക്കിയുള്ള ഇ-മെയിലുകള്‍ വിദ്യാർഥി അയച്ചിട്ടുണ്ട്. ആറുതവണയും സ്വന്തം സ്‌കൂള്‍ ഒഴികെയുള്ള വിദ്യാലയങ്ങളിലേക്കായിരുന്നു ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നത്. പരീക്ഷ എഴുതാതിരിക്കാനാണ് കുട്ടി ഇത്തരത്തില്‍ ബോംബ് ഭീഷണി നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. ബോംബ് ഭീഷണികളെ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു വിദ്യർഥിയുടെ ലക്ഷ്യം.
നേരത്തെ മൂന്ന് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ഇ-മെയിലുകള്‍ അയച്ചത് അവിടുത്തെ തന്നെ വിദ്യാര്‍ഥികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 23ഓളം സ്‌കൂളുകളിലേക്ക് ഇ-മെയില്‍ ഭീഷണി അയച്ച വിദ്യാര്‍ഥിയെ പിടികൂടിയിരിക്കുന്നത്.
ഡൽഹിയിലെ നിരവധി സ്‌കൂളുകളിലേക്കായിരുന്നു തുടര്‍ച്ചയായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇത് അധികൃതരേയും രക്ഷിതാക്കളേയും പരിഭ്രാന്തിയിലാക്കിയിരുന്നു. ബോംബ് സ്‌ക്വാഡും സ്നിഫര്‍ നായ്ക്കളും വിദ്യാലയങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം 11 ദിവസത്തിനിടെ 100 ഓളം സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ലഭിച്ചിരുന്നത്.
Adjust Story Font
16