Quantcast

ആശ്രമത്തിൽ മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം; ദിവസങ്ങളോളം പൂട്ടിയിട്ടു, റെയിൽവേയിൽ ഭിക്ഷാടനത്തിന് നിർബന്ധിച്ചു

പേന മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Aug 2024 2:46 AM GMT

Class 3 student beaten, tortured for days at Karnataka ashram alleges pen theft
X

ബെം​ഗളൂരു: കർണാടകയിൽ ആശ്രമത്തിൽ മൂന്നാം ക്ലാസുകാരനായ കുട്ടിക്ക് അധികാരികളുടെ ക്രൂരമർദനം. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനം ഇൻ-ചാർജ് വേണുഗോപാലും സഹായികളും ചേർന്ന് ക്രൂരമായി മർദിക്കുകയും പൂട്ടിയിടുകയും ചെയ്തത്. പേന മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടിയെ വിറകും ബാറ്റുമുൾപ്പെടെ ഉപയോഗിച്ച് മർദിക്കുകയും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടതായും കുടുംബം പറയുന്നു. 'ഒരു അധ്യാപകനും മറ്റ് രണ്ട് പേരും എന്നെ അടിച്ചു. ആദ്യം വിറക് കൊണ്ട് അടിക്കുകയും അത് ഒടിഞ്ഞപ്പോൾ ബാറ്റ് ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ ശരീരത്തിൽ മുറിവുണ്ടാക്കി റെയിൽവേ സ്റ്റേഷനിൽ ഭിക്ഷ യാചിക്കാൻ എന്നെ യഗ്ദീറിലേക്ക് കൊണ്ടുപോയി. പക്ഷേ എനിക്ക് പണമൊന്നും ലഭിച്ചില്ല'- കുട്ടി താനനുഭവിച്ച പീഡനങ്ങൾ വിവരിച്ചു.

ഒരു പേന കാരണമാണ് തനിക്ക് മർദനമേറ്റതെന്ന് തരുൺ പറഞ്ഞു. ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റ കുട്ടിയുടെ കണ്ണുകൾ പൂർണമായും വീർത്ത നിലയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലാണ്.

സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് കുട്ടിയെ ആശ്രമത്തിലാക്കിയതെന്ന് കുടുംബം പറയുന്നു. തരുൺ പേന മോഷ്ടിച്ചെന്ന് സഹപാഠികൾ ആരോപിക്കുകയും ആശ്രമം അധികൃതരെ വിവരം അറിയിക്കുകയും അവർ കുട്ടിയെ ക്രൂരമായി മർദിക്കുകയുമായിരുന്നെന്നും കുടുംബം വ്യക്തമാക്കി. മകനെ കാണാനായി അമ്മ രാമകൃഷ്ണാശ്രമം സന്ദർശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

'എന്റെ മകൻ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. അ‍ഞ്ചിൽ പഠിക്കുന്ന അരുൺ കുമാർ എന്നൊരു മകൻ കൂടി എനിക്കുണ്ട്. ഇരുവരെയും ഞാൻ ആശ്രമത്തിലാക്കിയിരിക്കുകയാണ്. ഞാനവരെ കാണാൻ അവിടെ പോയപ്പോഴാണ് തരുൺ ക്രൂരമർദനത്തിന് ഇരയായ വിവരം അരുൺ എന്നോട് പറഞ്ഞത്'- അമ്മ വ്യക്തമാക്കി. മകൻ പേന മോഷ്ടിച്ചെന്ന ആരോപണം അമ്മ നിഷേധിച്ചു.

'ശനിയാഴ്ചയാണ് സംഭവം. പേനയില്ലാത്തതിനാൽ മറ്റൊരു ആൺകുട്ടി അധ്യാപകന്റെ പേനയെടുത്ത് എൻ്റെ മകന് കൊടുത്തു. ഞായറാഴ്ച പേന തിരയുമ്പോൾ, അധ്യാപകൻ അത് എൻ്റെ മകൻ്റെ പക്കൽ നിന്ന് കണ്ടെത്തി. തുടർന്നായിരുന്നു മോഷണം ആരോപിച്ച് മർദനമുൾപ്പെടെ എല്ലാം സംഭവിച്ചത്. അധ്യാപകനിൽ നിന്നും എന്റെ മകന് ക്രൂരപീഡനമാണ് ഏൽക്കേണ്ടിവന്നത്. അയാൾ എൻ്റെ കുട്ടിയെ രണ്ട് ബെൽറ്റുകൾ കൊണ്ട് അടിച്ചു. അവൻ്റെ കൈകൾ ബന്ധിച്ചു. കാലുകളിലും കൈകളിലും മുറിവുണ്ടാക്കുകയും അർധരാത്രി വരെ അടിക്കുകയും ചെയ്തു”- അമ്മ വിശദീകരിച്ചു.

അതേസമയം, ആശ്രമത്തിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയെന്നും വിഷയം വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ബാലാവകാശ പ്രവർത്തകനായ സുദർശൻ പറഞ്ഞു. പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story