Quantcast

ശിക്ഷയായി അധ്യാപകന്‍ സിറ്റ് അപ് ചെയ്യിപ്പിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ കുഖിയ പൊലീസ് പരിധിയിൽ ഒറാലിയിലെ സൂര്യനാരായണ നോഡൽ അപ്പർ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം

MediaOne Logo

Web Desk

  • Published:

    23 Nov 2023 2:58 AM GMT

Student Dies After Teacher Makes Him Do Sit-ups
X

പ്രതീകാത്മക ചിത്രം

ജജ്പൂര്‍: അധ്യാപകന്‍റെ ശിക്ഷണനടപടിയെ തുടര്‍ന്ന് നാലാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. രുദ്ര നാരായണ്‍ സേതി(10) യാണ് മരിച്ചത്. ഒഡിഷയിലെ ജാജ്പൂർ ജില്ലയിലെ കുഖിയ പൊലീസ് പരിധിയിൽ ഒറാലിയിലെ സൂര്യനാരായണ നോഡൽ അപ്പർ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ രുദ്രയും സഹപാഠികളും ക്ലാസ് സമയത്ത് പുറത്ത് കളിക്കുന്നതായി അധ്യാപകന്‍റെ ശ്രദ്ധയില്‍ പെട്ടു. വിദ്യാർഥികൾ ക്ലാസിലെത്തിയപ്പോള്‍ അധ്യാപകന്‍ അവരോട് ചില ചോദ്യങ്ങൾ ചോദിച്ചു. രുദ്ര അതിന് ഉത്തരം പറഞ്ഞില്ല. ഇതിനെ തുടര്‍ന്ന് കുട്ടിയോട് മുട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷയായി സിറ്റ് അപ് ചെയ്യാനും നിര്‍ദേശിച്ചു. മൂന്നോ നാലോ സിറ്റ് അപ് കഴിഞ്ഞപ്പോള്‍ രുദ്ര കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സഹപാഠി പറഞ്ഞു.

ഉടന്‍ തന്നെ രുദ്രയെ അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലും കൊണ്ടുപോയി.പിന്നീട് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും. അവിടെ എത്തിയപ്പോള്‍ കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടക്കുമ്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സ്‌കൂളിലെ പ്രധാന അധ്യാപിക പ്രമീള പാണ്ഡ പറഞ്ഞു. “ചില വിദ്യാർത്ഥികൾ സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ക്ലാസ് റൂമിലേക്ക് ഓടി. തുടർന്ന് കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഒരു ഓട്ടോ ഏർപ്പാട് ചെയ്യുകയും ചെയ്തു,” പാണ്ട പറഞ്ഞു. രുദ്രയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് മാതാപിതാക്കള്‍ സ്കൂളിനെ അറിയിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റസൂൽപൂർ അസിസ്റ്റന്‍റ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പ്രഭഞ്ജൻ പതി സ്കൂളിലെത്തി രുദ്രയുടെ സഹപാഠികൾ, അധ്യാപകർ, സ്കൂൾ കമ്മിറ്റി അംഗങ്ങൾ, ഗ്രാമവാസികൾ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകന്‍ മുന്‍പും ഇത്തരം ശിക്ഷാനടപടികള്‍ കുട്ടികള്‍ക്ക് നല്‍കാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ലെന്ന് റസൂൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നിലമ്പർ മിശ്ര പറഞ്ഞു.എബിഇഒ വ്യാഴാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മിശ്ര പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടതായി ജാജ്പൂർ കലക്ടർ ചക്രവർത്തി സിംഗ് റാത്തോഡ് പറഞ്ഞു.

TAGS :

Next Story