അയൽവാസികൾ തമ്മിലുള്ള തർക്കം; 45 ദിവസം യമുന നദി വൃത്തിയാക്കാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി
വ്യവസ്ഥകൾ പാലിക്കുമെന്ന ഉറപ്പിൽ, ആക്രമണം, വഴക്ക്, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2022 ഫെബ്രുവരിയിൽ ജയ്ത്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു
ഡൽഹി: അയൽവാസികൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ രണ്ട്കക്ഷികളോടും 45 ദിവസം യമുന നദി വൃത്തിയാക്കാൻ നിർദേശിച്ച് ഡൽഹി ഹൈക്കോടതി. ഓഡർ ലഭിച്ച് 10 ദിവസത്തിനുള്ളിൽ ഡൽഹി ജല ബോർഡ് അംഗം അജയ് ഗുപ്തയെ കാണണമെന്നും ഗുപ്തയുടെ മേൽനോട്ടത്തിൽ 45 ദിവസം യമുന നദി വൃത്തിയാക്കണമെന്നും കോടതി കക്ഷികളോട് നിർദേശിച്ചു.
ശുചീകരണ പ്രവർത്തനങ്ങളിൽ തൃപ്തരായാൽ ഇരുകൂട്ടർക്കും ജല ബോർഡ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിച്ച് ഒരാഴ്ചയ്ക്കകം രേഖകൾ കോടതിയിൽ ഹാജരാക്കുകയും വേണം. ഈ നടപടികൾ രണ്ടു മാസത്തിനകം പൂർത്തിയാക്കണം.
വ്യവസ്ഥകൾ പാലിക്കുമെന്ന ഉറപ്പിൽ, ആക്രമണം, വഴക്ക്, പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2022 ഫെബ്രുവരിയിൽ ജയ്ത്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹിയിൽ രണ്ട് അയൽവാസികൾ തമ്മിൽ വഴക്കുണ്ടായത്. ഇരുവിഭാഗവും പരസ്പരം ആക്രമിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Adjust Story Font
16