Quantcast

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയവും മേഘവിസ്‌ഫോടനവും; മഴക്കെടുതിയിൽ മരണം പതിനെട്ടായി

മണ്ണിടിച്ചിലിനെ തുടർന്ന് നൂറുക്കണക്കിന് പേരാണ് വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 July 2023 6:22 AM GMT

heavy rains,Sudden Surge Sweeps Away Cars In Himachal Tourist Spot,Rain fury continues in north India,ഉത്തരേന്ത്യയില്‍ കനത്തമഴ,ഹിമാചലില്‍ മിന്നല്‍ പ്രളയം,
X

ഷിംല: ഉത്തരേന്ത്യയിൽ കനത്തമഴ തുടരുന്നു. മഴക്കെടുതിയിൽ മരണം പതിനെട്ടായി. മഴയെത്തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി.ഡൽഹിയിലും ഹിമാചലിലും ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു.എട്ട് സംസ്ഥാനങ്ങളിൽ ഇന്നും നാളെയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഹിമാചൽ പ്രദേശിലെ തുനാഗിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായി. ജനങ്ങൾ വീടുകളിൽ സുരക്ഷിതമായിരിക്കാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അഭ്യർഥിച്ചു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും അഞ്ചുപേർ മരിക്കുകയും നിരവധി വീടുകൾ തകർന്നുവീണു. സ്‌കൂളുകളും കോളേജുകളും രണ്ട് ദിവസത്തേക്ക് അടച്ചിടാൻ അധികാരികൾ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുകയാണ്.

കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 14 വലിയ മണ്ണിടിച്ചിലും 13 വെള്ളപ്പൊക്കവുമുണ്ടായെന്നാണ് റിപ്പോർട്ട്. 700 ലധികം റോഡുകൾ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മണാലിയിൽ കടകളും കുളുവിലെ നുള്ള, കിന്നൗർ, ചമ്പ എന്നിവിടളിലെ വാഹനങ്ങളും ഒലിച്ചുപോയി.


ഷിംല ജില്ലയിലെ കോട്ഗഡ് മേഖലയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കുളു ടൗണിനടുത്ത് വീട് തകർന്ന് ഒരു സ്ത്രീയും മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിർദേശം നൽകി.

മണ്ണിടിച്ചിലിനെ തുടർന്ന് 200 ഓളം പേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ എല്ലാ ആളുകളും സുരക്ഷിതരാണെന്നും ഭക്ഷണവും അവശ്യ മരുന്നുകളും ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് മായങ്ക് ചൗധരി പറഞ്ഞു. മണ്ണുകൾ മാറ്റി റോഡ് പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇവരെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.



അതേസമയം, ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭംഗ്രൂ ഗണ്ഡോ ഗ്രാമത്തിന് സമീപം മണ്ണിടിഞ്ഞ് രണ്ട് പേര് മരിച്ചു. നാല് പേർ സഞ്ചരിച്ച ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.രണ്ടു പേർ ചികിത്സയിലാണ്.


TAGS :

Next Story