Quantcast

ക്ലബ്ഹൗസിൽ മുസ്‌ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച: ചാറ്റ്‌റൂം ആരംഭിച്ചത് 18 വയസുകാരൻ

ക്ലബ്ഹൗസ് ചർച്ചയുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ചിലെ സൈബർ പൊലീസ് കഴിഞ്ഞ ദിവസം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    22 Jan 2022 3:03 PM GMT

ക്ലബ്ഹൗസിൽ മുസ്‌ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച: ചാറ്റ്‌റൂം ആരംഭിച്ചത് 18 വയസുകാരൻ
X

ക്ലബ്ഹൗസിൽ ചാറ്റ്‌റൂം തുറന്ന് മുസ്‌ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച നടത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉത്തർപ്രദേശ് സ്വദേശിയായ 18കാരൻ. ലഖ്‌നൗ സ്വദേശിയാണ് ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന്റെ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചത്.

ബിരുദ വിദ്യാർത്ഥിയാണ് 18കാരൻ. മുസ്‌ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപ ചർച്ച നടത്താനായി വ്യാജനാമത്തിലാണ് ഇയാൾ ക്ലബ്ഹൗസിൽ റൂം തുറന്നത്. സൈനിക സ്‌കൂളിൽ അക്കൗണ്ടന്റാണ് കുട്ടിയുടെ അച്ഛൻ. മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഓഡിയോ ചാറ്റ്‌റൂം ആരംഭിച്ചതെന്നാണ് ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറുകയും ചെയ്തു. ഇയാളിൽനിന്ന് മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്നുപേർ പിടിയിലായിരുന്നു. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹരിയാനയിൽനിന്നാണ് മൂന്ന് പേരെയും പിടികൂടിയത്.

മുസ്‌ലിം സ്ത്രീകളെ ഓൺലൈനിൽ ലേലം വിളിച്ച ബുള്ളി ബായ് ആപ്പിന് പിന്നാലെയാണ് ക്ലബ്ഹൗസ് ചർച്ചയിലും ലൈംഗികാധിക്ഷേപം ഉണ്ടായത്. 'മുസ്‌ലിം പെൺകുട്ടികൾ ഹിന്ദു പെൺകുട്ടികളെക്കാൾ സുന്ദരികളാണ്' എന്ന പേരിലായിരുന്നു ചർച്ച. ഈ ചർച്ചയിൽ ചിലർ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. ചർച്ചയുടെ ഓഡിയോ ക്ലിപ്പിൻറെ അടിസ്ഥാനത്തിൽ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വിഷയത്തിൽ ഇടപെട്ടിരുന്നു. ഡൽഹി പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടു.

ചർച്ചയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ക്ലബ്ഹൗസിന് കത്തയച്ചിരുന്നു. അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും കൂടുതൽ പേരും ഡൽഹിക്ക് പുറത്താണെന്നും ഡൽഹി പൊലീസ് അറിയിച്ചു. അതിനിടെയാണ് മുംബൈ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തതും ഡൽഹി സൈബർ സെല്ലിന്റെ അന്വേഷണം 18 വയസുകാരനിൽ എത്തിച്ചേർന്നതും.

Summary: The Delhi Police Cyber Cell has summoned an 18-year-old based in Uttar Pradesh's Lucknow, who had allegedly created a group on the Clubhouse app, where several users allegedly made derogatory remarks against Muslim women

TAGS :

Next Story