നാഗൂർ ദർഗ കന്തൂരി ഉത്സവം: 45 കിലോഗ്രാം ചന്ദനം സൗജന്യമായി നൽകാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്
നവംബർ പത്തിനാണ് ഉത്സവം നടക്കുന്നത്

ചെന്നൈ: നാഗൂർ ദർഗയിലെ പ്രശസ്തമായ പെരിയ ആണ്ടവർ കന്തൂരി ഉത്സവത്തിന് 45 കിലോഗ്രാം ചന്ദനം സൗജന്യമായി നൽകാൻ ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നവംബർ പത്തിനാണ് ഉത്സവം നടക്കുന്നത്. ദർഗ മാനേജിങ് ട്രസ്റ്റി എച്ച്.ഹാജാ നജീമുദ്ദീൻ സാഹിബിനും മറ്റ് ട്രസ്റ്റിമാർക്കുമാണ് വ്യാഴാഴ്ച സെക്രട്ടേറിയറ്റിൽ വെച്ച് മുഖ്യമന്ത്രി ഉത്തരവ് കൈമാറിയത്. 'ജാജ്‌പൊകൽ II ക്ലാസ്' ഇനത്തിൽപ്പെട്ട ചന്ദനമാണ് സൗജന്യമായി അനുവദിച്ചത്.
ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ മന്ത്രി എ.എം ഷാജഹാൻ, തൊഴിൽക്ഷേമ-നൈപുണ്യ വികസന മന്ത്രി ജെ.മുഹമ്മദ് ഫർവാസ്, വനം വകുപ്പ് മന്ത്രി ആർ.വി. രഞ്ജിത് കുമാർ, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും രാമനാഥപുരം എംപിയുമായ കെ.നവാസ് കനി തുടങ്ങിയവർ പങ്കെടുത്തു.
എന്താണ് കന്തൂരി ഉറൂസ്?
തമിഴ്നാട്ടിൽ വളരെ വിപുലമായി ആഘോഷിക്കപ്പെടുന്ന ഒരു പ്രശസ്തമായ സൂഫി ഉത്സവമാണ് കന്തൂരി ഉറൂസ് അഥവാ നാഗൂർ ദർഗ ഉറൂസ്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി വര്യനായ ഹസ്രത്ത് സയ്യിദ് ഷാഹുൽ ഹമീദ് ഖാദിർ വലിയുടെ സ്മരണ പുതുക്കാനായാണ് 14 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം സംഘടിപ്പിക്കുന്നത്. സൂഫിവര്യന്റെ ശവകുടീരം നിലകൊള്ളുന്ന തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള ദർഗയിലാണ് നടക്കുന്നത്.
കന്തൂരി ഉറൂസിന്റെ ഒമ്പതാമത്തെയോ പത്താമത്തെയോ ദിവസം നടക്കുന്ന 'ചന്ദനക്കുടം' ഘോഷയാത്രയാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. വലിയൊരു രഥത്തിൽ ചന്ദന അരപ്പ് ദർഗയിലേക്ക് ഘോഷയാത്രയായി കൊണ്ടുവരികയും അത് മഖ്ബറയിൽ പുരട്ടുന്നു. പുരട്ടിയ ശേഷം ബാക്കി വരുന്ന ചന്ദനം ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യുന്നതാണ് രീതി. ഈ ചന്ദനത്തിന് അത്ഭുതകരമായ രോഗശാന്തി നൽകാനുള്ള കഴിവുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.
Adjust Story Font
16

