Quantcast

രാജ്യത്തെ കല്‍ക്കരി ക്ഷാമം; താല്‍ക്കാലിക പരിഹാരം കാണുമെന്ന് കോള്‍ ഇന്ത്യ

വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ യുപി, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    11 Oct 2021 9:36 AM GMT

രാജ്യത്തെ കല്‍ക്കരി ക്ഷാമം; താല്‍ക്കാലിക പരിഹാരം കാണുമെന്ന് കോള്‍ ഇന്ത്യ
X

രാജ്യത്തെ കല്‍ക്കരി ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം കാണുമെന്ന് കോള്‍ ഇന്ത്യ. ഇതിനായി 17.11 ലക്ഷം ടണ്‍ കല്‍ക്കരി വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഉപകമ്പനികള്‍ക്ക് ക്ഷാമം പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കോള്‍ ഇന്ത്യ ചെയര്‍മാന്‍ പി എം പ്രസാദ് അറിയിച്ചു.

രാജ്യം നേരിട്ട കല്‍ക്കരി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. രണ്ട് ആഴ്ചക്കുള്ളില്‍ കൂടുതല്‍ കല്‍ക്കരി വിവിധ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. പല സംസ്ഥാനങ്ങളിലും താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിച്ചത്. വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ യുപി, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ താപനിലയങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമെ ബാക്കിയുള്ളുവെന്ന് വൈദ്യുതി മന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു.കൂടാതെ, വൈദ്യുതി ഉല്‍പാദനം 55 ശതമാനം മാത്രമാണ്. വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാന്‍ യുപിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് യോഗം ചേരും.

അതേസമയം, രാജ്യത്ത് കല്‍ക്കരിക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗെയിലും ടാറ്റയും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയാണ് തെറ്റായവിവരങ്ങള്‍ പ്രചരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി അടക്കം രാജ്യത്തെ ആറിലധികം സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. നമുക്ക് ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാണ്. രാജ്യത്ത് മുഴുവന്‍ സുഗമമായി വൈദ്യുതിവിതരണം നടക്കുന്നുണ്ട്. ആര്‍ക്കാണ് വൈദ്യുതിവേണ്ടത്? എനിക്കൊരു അപേക്ഷ തന്നാല്‍ അവര്‍ക്ക് വൈദ്യുതി ലഭ്യമാക്കും-മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള ഭീതി അനാവശ്യമാണ്. നാലു ദിവസം പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരി ശേഖരം ഇപ്പോള്‍ രാജ്യത്തുണ്ട്. അത് കരുതല്‍ ശേഖരമാണ്. രാജ്യത്ത് വിതരണം തുടരുന്നുണ്ട്-ആര്‍.പി സിങ് വ്യക്തമാക്കി. ഡല്‍ഹിയിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കും, ലോഡ് ഷെഡിങ് ഉണ്ടാവില്ല. പണം നോക്കാതെ കല്‍ക്കരിയുടെ വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കല്‍ക്കരി ക്ഷാമം രൂക്ഷമായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കല്‍ക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്.

TAGS :

Next Story