'എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നത് കൂടുതൽ ദോഷം ചെയ്യും'; പഠാനെതിരായ ബഹിഷ്‌കരണാഹ്വാനം തള്ളി അനുരാഗ് താക്കൂർ
''ഇന്ത്യൻ സിനിമകൾ ലോകമെമ്പാടും തരംഗമാകുമ്പോൾ ബഹിഷ്‌കരണാഹ്വാനങ്ങൾ തെറ്റായ സന്ദേശമാണ് നൽകുന്നത്''
സിനിമകൾക്കെതിരായ ബഹിഷ്‌കണഹ്വാനങ്ങളിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ബഹിഷ്‌കരണ ആഹ്വാനങ്ങൾ നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കുകയാണെന്നും പൂർണ്ണമായ അറിവില്ലാതെ എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നത് കൂടുതൽ ദോഷം ചെയ്യുമെന്നും അദ്ദേഹം മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഷാരൂഖ്- ദീപിക പദുക്കോൺ ചിത്രം പഠാനെതിരായ ബഹിഷ്‌കരണാഹ്വാനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ഇതോടെ പഠാനെതിരായ ബഹിഷ്‌കരണാഹ്വാനത്തെ പൂർണമായും തള്ളിയിരിക്കുകയാണ് മന്ത്രി. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാൻ മുംബൈയിലെത്തിയതായിരുന്നു അനുരാഗ് താക്കൂർ.
സിനിമയെ വിലയിരുത്തുന്നതിനും ഇഴകീറി പരിശോധിക്കുന്നതിനുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സംവിധാനമുണ്ട്. സിനിമയെ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ പ്രദർശനത്തിന് അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമകൾ അന്താരാഷ്ട്ര വേദിയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന മികച്ച സമയമാണിതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ഇന്ത്യൻ സിനിമകൾ ലോകമെമ്പാടും തരംഗമാകുമ്പോൾ ബഹിഷ്‌കരണാഹ്വാനങ്ങൾ തെറ്റായ സന്ദേശമാണ് നൽകുന്നത്. ആർക്കെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെങ്കിൽ, അത് പരിഹരിക്കാൻ കഴിയുന്ന സെൻസർ ബോർഡുകളെ സമീപിക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വിവാദങ്ങളെയെല്ലാം കാറ്റിൽ പറത്തി പഠാൻ 235 കോടി രൂപയാണ് രണ്ടു ദിനംകൊണ്ട് ആഗോളതലത്തിൽ കലക്ഷനായി നേടിയത്. റിലീസ് ദിനം ഇന്ത്യയിൽ നിന്ന് മാത്രം 70 കോടിയിലേറെ രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ബോക്‌സോഫീസിൽ റെക്കോർഡ് നേട്ടവുമായി കുതിക്കുകയാണ് പഠാൻ. ഷാരൂഖിന് പുറമേ ദീപികയും ജോൺ എബ്രഹാമും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ദീപികയുടെ ബിക്കിനിയുടെ നിറത്തിന്റെ പേരിലാണ് വിവാദം സൃഷ്ടിച്ചത്.
തുടർന്ന് ചിത്രം നിരോധിക്കണമെന്നും വിവാദ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യം ഉയർന്നുവെങ്കിലും സെൻസർ ബോർഡ് ചിത്രത്തിന് അനുമതി നൽകി. വിവാദങ്ങൾ പഠാന് ഗുണം ചെയ്തുവെന്നാണ് സിനിമാ നിരീക്ഷകരുടെ വാദം. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമിച്ചത്. ഷാരൂഖിന്റേതായി ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ആക്ഷൻ ചിത്രമാണിതെന്നാണ് ചിത്രം കണ്ട പ്രേക്ഷകർ പ്രതികരിച്ചത്.
Adjust Story Font
16