Quantcast

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് പരാതി; സ്പീക്കര്‍ നിയമോപദേശം തേടി

അഭിഭാഷകനായ വിനീത് ജിന്താലാണ് പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2023-03-24 02:05:33.0

Published:

24 March 2023 1:53 AM GMT

complaint to disqualify rahul gandhi to loksabha speaker
X

ഡല്‍ഹി: സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് പരാതി. അഭിഭാഷകനായ വിനീത് ജിന്താലാണ് പരാതി നൽകിയത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ അയോഗ്യനായതായി പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ സ്പീക്കര്‍ നിയമോപദേശം തേടി.

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷയാണ് സൂറത്ത് കോടതി വിധിച്ചത്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് മാനനഷ്ടക്കേസിന് ആധാരം- "ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി.." എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

മോദിയെന്ന പേരിനെ രാഹുൽ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിൽ രാഹുൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ വിധി. ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്ന സുപ്രിംകോടതിയുടെ താക്കീത് രാഹുൽ ഗാന്ധി കണക്കിലെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. എംപി പറയുമ്പോൾ ജനങ്ങളിൽ കൂടുതൽ സ്വാധീനം ഉണ്ടാകുമെന്നതിനാൽ കുറ്റത്തിന്റെ ഗൗരവം കൂടും. കുറഞ്ഞ ശിക്ഷ നൽകിയാൽ അത് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും വിധി പ്രസ്താവത്തിലുണ്ട്. 15,000 രൂപ കെട്ടിവെച്ച രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. അപ്പീൽ സമർപ്പിക്കാൻ 30 ദിവസത്തെ സാവകാശവും നൽകി. വിധിപ്രസ്താവം കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു.

ആരേയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും അഴിമതി തുറന്നുകാണിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും രാഹുൽ കോടതിയെ അറിയിച്ചു. വിധിക്കെതിരെ രാഹുൽ അപ്പീൽ നൽകും. സത്യമാണ് മതമെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ വിധി വന്നതിന് പിന്നാലെ രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരുമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്തി പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. രാവിലെ വിജയ് ചൗക്കിലേക്ക് പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും.





TAGS :

Next Story