ഇ.ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; കെ. സി വേണുഗോപാലിനെ അറസ്റ്റ് ചെയ്തു
ഷാഫി പറമ്പിൽ എംഎൽഎയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു
ഡൽഹി: ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡീൻ കുര്യാക്കോസിന് പൊലീസ് മർദനമേൽക്കുകയും ഷാഫി പറമ്പിൽ എംഎൽഎയെ പൊലീസ് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.
പ്രവർത്തകരെ പൊലീസ് തടയുകയും നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് കടക്കാനമുള്ള ശ്രമങ്ങൾ നടത്തി.
രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നീട്ടികൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സമരം ശക്തമാക്കി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ഒരു ദിവസം കൊണ്ട് തീരേണ്ട രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇ ഡി നീട്ടികൊണ്ട് പോകുകയാണെന്നും കെ. സി വേണുഗോപാൽ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ ഇന്നലെ 13 മണിക്കൂറാണ് രാഹുലിനെ ചോദ്യംചെയ്തത്. നാല് ദിവസത്തിനിടെ 40 മണിക്കൂറിലധികം ചോദ്യംചെയ്തു. മറ്റന്നാൾ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് സോണിയാ ഗാന്ധിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യംചെയ്യാൻ വിളിപ്പിച്ചതോടെ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിൽ എഐസിസി ആസ്ഥാനത്തിന്റെ ചുറ്റുവട്ടത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്ബർ റോഡ് ഉൾപ്പെടെ കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസ് ആസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ തമ്പടിച്ചിരുന്നു.
Adjust Story Font
16