കോൺഗ്രസ് നേതാവായ പിതാവ് ടി.എം.സി നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി; അറസ്റ്റ്
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനാണ് പിതാവ് വീട് ആക്രമിച്ചതെന്ന് മകന്‍
കൊൽക്കട്ട: തൃണമൂൽ കോൺഗ്രസ് നേതാവായ മകന്റെ വീടിന് നേരെ കോൺഗ്രസ് നേതാവായ പിതാവ് ബോംബ് എറിഞ്ഞതായി പരാതി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 62 കാരനായ പിതാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
റാണിനഗർ പഞ്ചായത്തിലെ ടിഎംസി യുവജന വിഭാഗം പ്രസിഡന്റായ മകൻ അനിസുർ ഷെയ്ഖിന്റെ (30) വീടിന് നേരെ ശനിയാഴ്ച രാത്രി പിതാവായ സഹിറുദ്ദീൻ ഷെയ്ഖ് ബോംബ് എറിയുകയായിരുന്നെന്നാണ് പരാതി. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അനിസുർ ഷെയ്ഖും ഭാര്യ സെഫാലി ഷെയ്ഖും തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടെ സഹിറുദ്ദീനും അനിസൂറും തമ്മിലുള്ള ബന്ധം വഷളായി. സെഫാലിക്ക് ടിഎംസി പഞ്ചായത്ത് പ്രധാന്‍ പദവി നല്‍കുകയും ചെയ്തു.ഇതിന് പിന്നാലെ പിതാവിൽ നിന്ന് ഇരുവരും മാറിത്താമസിക്കുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു. അതേസമയം ബോംബേറിൽ ആക്രമണത്തിൽ ആർക്കും പരിക്കില്ല.
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനാണ് പിതാവ് തന്റെ വീട് ആക്രമിച്ചതെന്ന് അനിസുർ ആരോപിച്ചു. അതേസമയം, ഈ ആരോപണങ്ങളെ കോൺഗ്രസ് തള്ളിക്കളഞ്ഞു. മരുമകളാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് ചൂണ്ടിക്കാട്ടി സഹിറുദ്ദീനും ആരോപണം തള്ളി.
ജനങ്ങളിൽ നിന്ന് സഹതാപം ലഭിക്കാൻ അനിരുൾ തന്നെ സ്വന്തം വീടിന് നേരെ ബോംബെറിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാഹിറുദ്ദീനെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Adjust Story Font
16