കോൺഗ്രസ് വിശാല പ്രവർത്തക സമിതി ഇന്ന്; ഒപ്പം വിജയഭേരി മഹാറാലിയും
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രവർത്തകസമിതിയുടെ ആദ്യദിന ചർച്ചകൾ.
ഹൈദരാബാദ്: ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ രണ്ടാം ദിനം ഇന്ന് വിശാല പ്രവർത്തക സമിതി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും ഇന്നത്തെ യോഗത്തിനെത്തും. കോൺഗ്രസ് മഹാറാലിയും ഇന്നാണ്.
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തകസമിതിയുടെ ആദ്യദിന ചർച്ചകൾ. കോൺഗ്രസ് ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിക്കൊപ്പം ഉണ്ടാകുമെന്ന തീരുമാനവും പ്രവർത്തക സമിതിയെടുത്തു.
സംസ്ഥാനങ്ങളുടെ സാഹചര്യം ചർച്ച ചെയ്യുന്ന വിശാല പ്രവർത്തക സമിതിയിൽ തെലങ്കാന, മധ്യപദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറാം തുടങ്ങി ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ വിജയം നേടാനുള്ള തന്ത്രങ്ങളും രൂപീകരിക്കും. ഇൻഡ്യ മുന്നണി സീറ്റ് വിഭജന ചർച്ചകളും റാലിയും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബാധിക്കാത്ത വിധം കൈകാര്യം ചെയ്യേണ്ടതും ചർച്ചയ്ക്ക് വന്നേക്കും.
തെലങ്കാന തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ തുടക്കമെന്നോണം വിജയഭേരി എന്ന പേരിലാണ് മഹാറാലി നടക്കുക. ഇന്ന് വൈകിട്ടാണ് റാലി. തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകസമിതിയംഗങ്ങളുടെ ഗൃഹ സമ്പർക്കപരിപാടി നാളെ നടക്കും.
Adjust Story Font
16