Quantcast

'ഈ വിജയത്തിന്‍റെ ക്രെഡിറ്റ് സ്റ്റാലിന്': തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ് ഇളങ്കോവനാണ് വിജയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-02 11:02:52.0

Published:

2 March 2023 10:56 AM GMT

Congress Candidate EVKS Elangovan won Erode East By poll
X

EVKS Elangovan

ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ഇ.വി.കെ.എസ് ഇളങ്കോവനാണ് വിജയിച്ചത്. ഈ വിജയത്തിന്‍റെ ക്രെഡിറ്റ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണെന്ന് ഇളങ്കോവന്‍ പറഞ്ഞു. ഡി.എം.കെ പിന്തുണയോടെയാണ് ഇളങ്കോവന്‍ മത്സരിച്ചത്.

"തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത 80 ശതമാനം കാര്യങ്ങളും എം.കെ സ്റ്റാലിന്‍ ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിയമസഭയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഈ വിജയം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് വിരല്‍ചൂണ്ടുന്നു"- ഇ.വി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു.

ഫെബ്രുവരി 27നാണ് ഈറോഡ് ഈസ്റ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് എം.എൽ.എ തിരുമഹൻ എവേരയുടെ മരണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍‌ അവസാനിച്ചപ്പോഴേക്കും ഇളങ്കോവന്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഇതോടെ അണികള്‍ ആഹ്ളാദപ്രകടനം തുടങ്ങി. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി കെ.എസ് തെന്നരസുവിനെയാണ് പരാജയപ്പെടുത്തിയത്.

മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയും ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഉപതെരഞ്ഞെടുപ്പിനെ വീറും വാശിയോടെയുമാണ് എല്ലാ പാര്‍ട്ടികളും നേരിട്ടത്.

അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു. മൂന്ന് പതിറ്റാണ്ടായി ബി.ജെ.പി കയ്യടക്കി വെച്ചിരുന്ന മഹാരാഷ്ട്രയിലെ കസ്ബപേത് മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു.

തമിഴ്നാട്ടിന് പുറമേ മഹാരാഷ്ട്രയിലെ രണ്ടും അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഓരോ നിയമസഭാ മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ സാഗർദിഗി മണ്ഡലത്തിൽ തൃണമൂല്‍ കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ സുബ്രത സാഹയുടെ മരണത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മണ്ഡലം പിടിച്ചെടുക്കാൻ ബയ്റോൺ ബിശ്വാസിനെ രംഗത്തിറക്കിയ കോൺഗ്രസിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. മഹാരാഷ്ട്രയിലെ കസ്ബപേത്തിൽ അഭിമാന പോരാട്ടമായിരുന്നു ബി.ജെ.പിക്ക്. ശിവസേന ഷിന്‍‌ഡെ പക്ഷത്തിന്‍റെ പിന്തുണയോടെ മണ്ഡലം നിലനിർത്താമെന്ന് കണക്കുകൂട്ടിയ ബി.ജെ.പിക്ക് മഹാ വികാസ് അഘാഡിയുടെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർഥി ദംഗെകർ രവീന്ദ്ര ഹേമരാജിന്‍റെ വിജയം വലിയ പ്രഹരമായി മാറി.

മഹാരാഷ്ട്രയിലെ ചിഞ്ച്വാഡ് നിലനിർത്താൻ സാധിച്ചത് മാത്രമാണ് ബി.ജെ.പിക്ക് ആശ്വാസം. സിറ്റിംഗ് എം.എൽ.എയായ ജാംബെ താഷിയുടെ മരണത്തോടെ അരുണാചൽ പ്രദേശിലെ ലുംല മണ്ഡലത്തിൽ ബി.ജെ.പി അദ്ദേഹത്തിന്‍റെ ഭാര്യയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എതിരാളികൾ ഇല്ലാത്തതിനാൽ ബി.ജെ.പി സ്ഥാനാർഥിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയിയായി പ്രഖ്യാപിച്ചു. ജാർഖണ്ഡിലെ രാംഘഡ് മണ്ഡലത്തിൽ ബി.ജെ.പി പിന്തുണയോടെ എ.ജെ.എസ്.യു സ്ഥാനാർഥി സുനിതാ ചൗധരി വിജയിച്ചു.

Summary- Erode East Bypoll Victory credit goes to Tamilnadu Chief Minister M K Stalin says Congress candidate E.V.K.S Elangovan

TAGS :

Next Story