Quantcast

ഹിന്ദി ഹൃദയഭൂമിയിലെ കോൺ​ഗ്രസ് തോൽവി ഇൻഡ്യ മുന്നണിക്ക് തിരിച്ചടി; ലോക്സഭാ തെരഞ്ഞെടുപ്പിൽ ആശങ്ക

ഹിന്ദി ബെൽറ്റിലെ തിരിച്ചടിക്ക് പിന്നാലെ ഡിസംബർ ആറിന് കോൺ​ഗ്രസ് 'ഇൻഡ്യ' മുന്നണിയുടെ യോഗം വിളിച്ചിരിക്കുന്നതും ആ ആശങ്കയുടെ പുറത്താണ്.

MediaOne Logo

Web Desk

  • Updated:

    2023-12-03 10:58:13.0

Published:

3 Dec 2023 9:50 AM GMT

Congress defeat in the Hindi heartland is a setback for the India alliance
X

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസിനേറ്റ പരാജയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് തിരിച്ചടി. മുന്നണിയിലെ പ്രബല കക്ഷിയും നേതൃത്വം വഹിക്കുന്ന പാർട്ടിയുമാണെന്നിരിക്കെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്​ഗഢ് സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം കോൺ​ഗ്രസിന് നാണക്കേടാവുകയും ചെയ്തു. ഇതോടെ, മുന്നണിയിൽ കോൺ​ഗ്രസിന്റെ നേതൃയോ​ഗ്യത തന്നെ ചോദ്യചിഹ്നമാവുകയും ചെയ്തിരിക്കുകയാണ്.

ഹിന്ദി ബെൽറ്റിലെ തിരിച്ചടിക്ക് പിന്നാലെ ഡിസംബർ ആറിന് കോൺ​ഗ്രസ് 'ഇൻഡ്യ' മുന്നണിയുടെ യോഗം വിളിച്ചിരിക്കുന്നതും ആ ആശങ്കയുടെ പുറത്താണ്. ഡൽഹിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് മുന്നണി യോഗം. ഛത്തീസ്ഗഡും രാജസ്ഥാനും നിലനിർത്താമെന്നും മധ്യപ്രദേശിൽ വിജയിക്കാമെന്നും ഇന്ന് രാവിലെ വരെ പ്രതീക്ഷിച്ചിരുന്ന പാർട്ടി പിന്നീട് മൂന്നിടത്തും താഴെപ്പോവുകയായിരുന്നു.

തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ സർക്കാരിനെ പുറത്താക്കാൻ സാധിച്ചെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ കോൺഗ്രസിന്റെ പരാജയം ഇന്ത്യൻ സഖ്യത്തിന്റെ തോൽവിയല്ലെന്ന് മുതിർന്ന ജനതാദൾ (യു) നേതാവ് കെ.സി ത്യാഗി പറഞ്ഞു. ബിജെപിയെ എതിരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും ഈ അവസ്ഥയിൽ നിന്ന് കോൺ​ഗ്രസ് കരകയണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്, ഘടകകക്ഷികളിൽ നിന്ന് ഇതിനകം തന്നെ അകന്നുകഴിഞ്ഞെന്നും വിളകൾ ഉണങ്ങിപ്പോയ ശേഷം മഴകൊണ്ട് എന്ത് പ്രയോജനമെന്നും ഡിസംബറിലെ ആറിലെ യോ​ഗത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു. ജനവിധി വിധി ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാറും പറഞ്ഞു.

ഞങ്ങൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേരും. അടിസ്ഥാന യാഥാർഥ്യം അറിയുന്നവരോട് സംസാരിക്കും. യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാകൂ. അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് നേട്ടമുണ്ടാക്കിയത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഫലമായാണ്. അത്തരമൊരു ഫലം തുടക്കം മുതൽ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസ് പരാജയം കണക്കിലെടുത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ മെനയേണ്ട തന്ത്രത്തെക്കുറിച്ച് ഇൻഡ്യ മുന്നണിക്ക് പുനർവിചിന്തനം ചെയ്യേണ്ടിവരുമെന്നാണ് വിലയിരുത്തൽ. കോൺ​ഗ്രസിന്റെ ജാതി സെൻസസ് ഹിന്ദി ഹൃദയഭൂമിയിലെ വോട്ടർമാരിൽ പ്രതിധ്വനിച്ചില്ല എന്നതും വ്യക്തമാണ്. ബിജെപി സീറ്റുകൾ വർധിപ്പിച്ചതിലൂടെ കോൺ​ഗ്രസിന്റെ എസ്.സി- എസ്.ടി സീറ്റുകളുടെ എണ്ണം കുറയുകയും ചെയ്തു.

ലോക്സഭ പടിവാതിൽക്കൽ നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും കരുത്തേകുന്നതാണ് നാല് സംസ്ഥാനങ്ങളിലെ ജനവിധി. അധികാരമുണ്ടായിരുന്ന ഛത്തീസ്ഗഡും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വെല്ലുവിളിയാണ്. നേതൃത്വത്തിന് വഴങ്ങാത്ത സംസ്ഥാന നേതാക്കളുമായി മത്സരത്തിനിറങ്ങിയ കോൺഗ്രസിനെ ജനങ്ങൾ കൈവിടുകയായിരുന്നു. രാഷ്ട്രീയതാത്പര്യത്തിനുപരിയായി നേതാക്കൾ പ്രകടിപ്പിച്ച വ്യക്തിതാത്പര്യങ്ങളാണ് ഇരു സംസ്ഥാനങ്ങളിലെയും തിരിച്ചടിയുടെ കാരണം.

രാജസ്ഥാനിൽ പാർട്ടിയിലെ തമ്മിലടിയാണ് തിരിച്ചടിയായത്. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറു മാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പിൽ ഇതിനോടകം മൂന്ന് സംസ്ഥാനങ്ങളിലെ വിജയം ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

TAGS :

Next Story