മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാനെതിരെ രാമായണം ടി.വി ഷോയിലെ നടനെ രംഗത്തിറക്കി കോൺഗ്രസ്
230 അംഗ നിയമസഭയിലേക്കുള്ള 144 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.
ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ ജനപ്രിയ നടൻ വിക്രം മസ്താലിനെ രംഗത്തിറക്കി കോൺഗ്രസ്. രാമായണം ടെലിവിഷൻ ഷോയിൽ ഹനുമാന്റെ റോളിൽ തിളങ്ങിയ നടനാണ് വിക്രം മസ്താൽ. ബുദ്ദി മണ്ഡലത്തിലാണ് ചൗഹാനെതിരെ വിക്രം മത്സരിക്കുക.
230 അംഗ നിയമസഭയിലേക്കുള്ള 144 സ്ഥാനാർഥികളെയാണ് കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ് ഛിന്ദ്വാര മണ്ഡലത്തിൽനിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകനും മുൻ മന്ത്രിയുമായ ജയ്‌വർധൻ സിങ് രാഖിഗാത്തിൽനിന്ന് ജനവിധി തേടും.
സ്ഥാനാർഥി പട്ടികയിൽ 47 പേർ ജനറൽ വിഭാഗത്തിൽനിന്നാണ്. ഒ.ബി.സി - 39, എസ്.സി/എസ്.ടി - 52, മുസ്‌ലിം - 1, വനിതകൾ-19 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യം.
136 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ബി.ജെ.പി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.
Adjust Story Font
16