കോൺഗ്രസ് അംഗം വിട്ടുനിന്നു; ഡൽഹി ഹജ്ജ് കമ്മിറ്റിയിൽ കോൺഗ്രസ്-ബി.ജെ.പി ഒത്തുകളിയെന്ന് എ.എ.പി
കോൺഗ്രസ് അംഗം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതിനെ തുടർന്നാണ് ബി.ജെ.പി നേതാവ് ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായത്. ഇത് മനപ്പൂർവമുള്ള ഒത്തുകളിയാണെന്നാണ് എ.എ.പി ആരോപിക്കുന്നത്.
Kausar Jahan
ന്യൂഡൽഹി: കോൺഗ്രസ്-ബി.ജെ.പി ഒത്തുകളിയിലൂടെയാണ് ബി.ജെ.പി നേതാവ് കൗസർ ജഹാൻ ഡൽഹി ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായതെന്ന് എ.എ.പി. കോൺഗ്രസ് അംഗത്തെ കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തതിലൂടെ അപമാനകരമായ ഇടപെടലാണ് ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന നടത്തിയതെന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
''കോൺഗ്രസ് അംഗം നാസിയ ഡാനിഷിനെ ലഫ്റ്റനന്റ് ഗവർണർ നോമിനേറ്റ് ചെയ്തതാണ്. അത് ശരിയല്ല. ഒടുവിൽ അവർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ബി.ജെ.പി പ്രതിനിധിയുടെ വിജയം ഉറപ്പാക്കി. അവർ ബി.ജെ.പി പ്രതിനിധിക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ അവരുടെ സമുദായം അത് ചോദ്യം ചെയ്യുമായിരുന്നു. അതുകൊണ്ടാണ് തന്ത്രപൂർവം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്''-സൗരഭ് പറഞ്ഞു.
അഞ്ചിൽ മൂന്ന് വോട്ടുകൾ നേടിയാണ് കൗസർ ജഹാൻ ഹജ്ജ് കമ്മിറ്റി ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം വോട്ടിന് പുറമെ ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ, ബി.ജെ.പി നാമനിർദേശം ചെയ്ത മുസ്‌ലിം പണ്ഡിതൻ മുഹമ്മദ് സഅദ് എന്നിവരുടെ വോട്ടുകളാണ് കൗസറിന് ലഭിച്ചത്.
രണ്ട് എ.എ.പി അംഗങ്ങളുടെ വോട്ടാണ് എ.എ.പി സ്ഥാനാർഥിക്ക് ലഭിച്ചത്. കോൺഗ്രസ് പ്രതിനിധി വോട്ട് രേഖപ്പെടുത്തിയിരുന്നെങ്കിൽ രണ്ടുപേർക്കും മൂന്ന് വോട്ട് വീതം ലഭിക്കുമായിരുന്നു. ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കാനായി കോൺഗ്രസ് മനപ്പൂർവം വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു എന്നാണ് എ.എ.പി ആരോപിക്കുന്നത്.
Adjust Story Font
16