Quantcast

'10 വർഷത്തോളം സോണിയയെ നേരിൽ കാണാനായില്ല; രാഹുൽ കാണാൻ കൂട്ടാക്കിയില്ല'-വെളിപ്പെടുത്തലുമായി മണിശങ്കർ അയ്യർ

കോൺഗ്രസിൽ ഒറ്റപ്പെട്ടിട്ടും ഒരിക്കലും ബിജെപിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ താൻ പോയില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-12-15 16:09:07.0

Published:

15 Dec 2024 3:59 PM GMT

For 10 years, I was not given opportunity to meet Sonia Gandhi. Rahul Gandhi refused to meet. My political career made and unmade by Gandhis: Senior Congress leader Mani Shankar Aiyar
X

ന്യൂഡൽഹി: തന്റെ രാഷ്ട്രീയ കരിയർ രൂപപ്പെടുത്തിയതും ഇല്ലാതാക്കിയതും ഗാന്ധി കുടുംബമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പത്തു വർഷത്തോളം സോണിയ ഗാന്ധിയെ നേരിൽ കാണാൻ അവസരം ലഭിച്ചില്ല. രാഹുൽ ഗാന്ധി എന്നെ കാണാൻ കൂട്ടാക്കുകയും ചെയ്തില്ല. ഇതോടെ കോൺഗ്രസിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്നിട്ടും ബിജെപിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ ഒന്നും താൻ പോയില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

'എ മാവെറിക്ക് ഇൻ പൊളിറ്റിക്‌സ്' എന്ന ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയുടെ പശ്ചാത്തലത്തിൽ വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് അയ്യര്‍ മനസ്സുതുറന്നത്. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തെ കുറിച്ചു ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിൽ തുടക്കത്തിൽ തനിക്കു തുണയായുണ്ടായിരുന്നത് അവരാണെന്ന് അദ്ദേഹം പറഞ്ഞു.

'രാഷ്ട്രീയത്തിൽ ഒരു വ്യക്തിക്കു വിജയിക്കണമെങ്കിൽ ഏതെങ്കിലും അർഥത്തിലുള്ള ശക്തമായൊരു അടിത്തറ വേണം. ഒന്നുകിൽ ആർക്കും തോൽപിക്കാനാകാത്ത തരത്തിൽ അജയ്യനായി നില്‍ക്കുന്ന മണ്ഡലമുണ്ടാകണം. അല്ലെങ്കിൽ ജാതിയുടെയോ മതത്തിന്റെയോ പിൻബലം വേണം. എനിക്ക് ഇതൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പ്രിയപ്പെട്ടയാളായിരുന്നു ഞാൻ. സോണിയ ഗാന്ധിക്കും അങ്ങനെത്തന്നെ. എന്നാൽ, അതൊരു അനിശ്ചിതത്വം നിറഞ്ഞ പിൻബലമായിരുന്നു. 2010ൽ സോണിയ ഗാന്ധി എന്നോട് കയർത്ത ശേഷം പൂർണമായല്ലെങ്കിലും ആ പിന്തുണ എനിക്ക് നഷ്ടപ്പെട്ടു.'-അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി വന്നപ്പോൾ ബന്ധം വീണ്ടും ശക്തിപ്പെടുമെന്നാണു താൻ കരുതിയതെന്നും അയ്യർ പറഞ്ഞു. എന്റെ നിലപാടിനോട് അദ്ദേഹത്തിന് നൂറുശതമാനം യോജിപ്പാണെന്ന് രാഹുൽ പറഞ്ഞിരുന്നു. എന്നാൽ, മാതാവിന്‍റെ സമ്മതത്തോടെ പാർട്ടിയിലുണ്ടായിരുന്ന ഒരേയൊരു പദവിയിൽനിന്ന് എന്നെ നീക്കിയാണ് ആ നൂറുശതമാനം യോജിപ്പ് പിന്നീട് അദ്ദേഹം തെളിയിച്ചത്. ഇതിനുശേഷം എന്നെ കാണാൻ തന്നെ രാഹുൽ കൂട്ടാക്കിയില്ല. ഇതോടെ താൻ പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

പത്തു വർഷത്തോളം സോണിയ ഗാന്ധിയെ നേരിട്ട് കാണാൻ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. രാഹുൽ ഗാന്ധിക്കൊപ്പം ഒരിക്കൽ മാത്രമാണ് കാര്യമായ സമയം ചെലവഴിക്കാൻ കഴിഞ്ഞത്. ഒന്നോ രണ്ടോ തവണ മാത്രമാണ് പ്രിയങ്ക ഗാന്ധിക്കൊപ്പവും ഇരിക്കാനായത്. പ്രിയങ്ക ഫോണിൽ സംസാരിക്കാറുള്ളതുകൊണ്ട് കുടുംബവുമായി ബന്ധം തുടരുന്നുണ്ട്. തന്റെ രാഷ്ട്രീയ കരിയർ രൂപപ്പെടുത്തിയതും അവസാനിപ്പിച്ചതും ഗാന്ധി കുടുംബമാണെന്നതാണ് വിരോധാഭാസകരമായ കാര്യമെന്നും അയ്യർ ചൂണ്ടിക്കാട്ടി.

ഒരിക്കൽ പ്രിയങ്ക വഴി രാഹുൽ ഗാന്ധിക്ക് ജന്മദിന ആശംസ നേർന്ന കാര്യവും അദ്ദേഹം ഒാര്‍ത്തെടുത്തു. 'പ്രിയങ്കയെ പലപ്പോഴും കാണാറുണ്ട്. എന്നോട് എപ്പോഴും കരുതലുള്ളയാളാണ് അവർ. രാഹുലിന്റെ ജന്മദിനം തൊട്ടടുത്ത ജൂണിൽ വരാനിരിക്കുകയായിരുന്നു. പ്രിയങ്കയുടെ കൈയില്‍ ജന്മദിനാശംസ കൊടുത്തുവിടാമെന്ന് ആലോചിച്ചു ഞാൻ. എന്റെ ആവശ്യം കേട്ട് പ്രിയങ്ക ആശ്ചര്യപ്പെട്ടു. നേരിട്ട് ആശംസിച്ചുകൂടേ എന്നു ചോദിച്ചു. പാർട്ടിയിലില്ലാത്തതിനാൽ നേതാവിനെ കാണാൻ പറ്റില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി.'-മണിശങ്കർ പറഞ്ഞു.

'ഇതോടെ ഒരു ആശംസാ കത്ത് തന്നാൽ താൻ കൊടുത്തോളാമെന്ന് പ്രിയങ്ക പറഞ്ഞു. പാർട്ടിയിൽ തിരിച്ചുകയറാനുള്ള ഒരു അവസരമായാണ് ഇതിനെ ഞാൻ കണ്ടത്. ബോസ്റ്റണിലേക്കുള്ള ഒരു വിമാന യാത്രയ്ക്കിടയിലാണ് ഞാൻ ആ കത്ത് എഴുതുന്നത്. ആദ്യ പാരഗ്രാഫിൽ ജന്മദിനാശംസ നേർന്ന ശേഷം പാർട്ടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ എന്റെ നിലപാട് വിശദീകരിക്കുകയും ചോദ്യങ്ങളുയർത്തും ചെയ്തു. സസ്‌പെൻഷൻ നീക്കി പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു.

എഴുത്തിത്തീർന്ന ശേഷം കത്ത് ഭാര്യ സുനീതയെ കാണിച്ചു. ആത്മാഭിമാനമില്ലേ എന്നു ചോദിച്ച് പൊട്ടിത്തെറിക്കുകയാണ് അവൾ ചെയ്തത്. എന്തിനാണ് ഇത്രയും തരംതാണു സംസാരിക്കുന്നതെന്നു ചോദിച്ചു. എന്നെക്കാൾ 30 വയസ് ഇളയയാളുടെ മുന്നിൽ എന്തിനാണ് ഇങ്ങനെ മുട്ടുകുത്തി യാചിക്കുന്നതെന്നു ചോദിച്ചു. മൂന്നു പതിറ്റാണ്ടുകാലം അയാളുടെ പിതാവിനും പാർട്ടിക്കും വേണ്ടി സേവനം ചെയ്ത ശേഷമാണ് ഈ നിലയെന്ന് ഭാര്യ സൂചിപ്പിച്ചു. അവളുടെ നിർബന്ധത്തിനു വഴങ്ങി രണ്ടു മൂന്നു തവണ മാറ്റിയെഴുതിയാണ് ആ കത്ത് തയാറാക്കിയത്.'

കത്ത് അയച്ച് മറുപടിക്കായി ആഴ്ചകൾ കാത്തിരുന്നു. എന്നാൽ, ചോദ്യങ്ങൾക്കുള്ള ഒരു പ്രതികരണവും ലഭിച്ചില്ല. എല്ലാവർക്കും അയയ്ക്കുന്ന പോലെ ജന്മദിനാശംസയ്ക്കുള്ള നന്ദി മാത്രം പറഞ്ഞുള്ള ഒരു മറുപടിയാണു കുറേ കഴിഞ്ഞു കിട്ടിയത്. പിന്നീട്, രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനായിരുന്ന റിട്ട. ഐഎഎസ് ഓഫിസർ കെ. രാജു എന്നെ വിളിച്ചു. രാജീവ് ഗാന്ധി ജന്മദിനത്തിൽ പാർട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനമായ കാര്യം അറിയിച്ചു. രാഹുലുമായി അന്ന് നേരിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അവസരമുണ്ടാകുമെന്നും പറഞ്ഞു. എന്നാൽ, പാർട്ടിയിൽ തിരിച്ചെത്തിയെങ്കിലും രാഹുലുമായുള്ള ആ കൂടിക്കാഴ്ച ഒരിക്കലും നടന്നില്ലെന്നും മണിശങ്കർ അയ്യർ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Summary: 'For 10 years, I was not given opportunity to meet Sonia Gandhi. Rahul Gandhi refused to meet. My political career made and unmade by Gandhis': Senior Congress leader Mani Shankar Aiyar

TAGS :

Next Story