'മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 40 മുസ്‌ലിം നേതാക്കളെ മത്സരിപ്പിക്കണം'; ആവശ്യവുമായി കോൺഗ്രസ് നേതാവ്
ആവശ്യം പരിഗണിക്കുമെന്നും നിരാശപ്പെടുത്തില്ലെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മോയിസ് ശൈഖ് പറഞ്ഞു
നാനാ പടോലെ
മുംബൈ: മാസങ്ങൾക്കകം നടക്കാനിരിക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം പ്രാതിനിധ്യം കൂട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ്. 40 സീറ്റിലെങ്കിലും മുസ്‌ലിം നേതാക്കളെ നിർത്തണമെന്ന് കോൺഗ്രസ് ന്യൂനപക്ഷ സമിതി സെക്രട്ടറി മോയിസ് ശൈഖ് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയ്ക്കു നൽകിയ മെമോറാണ്ടത്തിലാണ് അദ്ദേഹം പ്രാതിനിധ്യ വിഷയം ഉയർത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി നന്ദേഡിൽ ചേർന്ന കോൺഗ്രസ് അവലോകന യോഗത്തിനിടെയാണ് മോയിസ് ശൈഖ് സംസ്ഥാന അധ്യക്ഷനോട് ആവശ്യമുയർത്തിയത്. മുസ്‌ലിം ഭൂരിപക്ഷമുള്ള 40 മണ്ഡലങ്ങളിലെങ്കിലും ഇതേ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥികളെ നിർത്തണമെന്നാണ് എം.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംകൾ എം.വി.എ സഖ്യത്തെ പിന്തുണച്ച കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 31 സീറ്റാണ് തെരഞ്ഞെടുപ്പിൽ സഖ്യത്തിനു ലഭിച്ചത്. ആവശ്യം പരിഗണിക്കുമെന്നും നിരാശപ്പെടുത്തില്ലെന്നും പടോലെ ഉറപ്പുനൽകിയിട്ടുണ്ടെന്ന് മോയിസ് ശൈഖ് പറഞ്ഞു.
നാനാ പടോലെയ്ക്കു പുറമെ, കോൺഗ്രസ് മഹാരാഷ്ട്ര ഇൻചാർജ് കൂടിയായ രമേശ് ചെന്നിത്തല, നിയമസഭാ കക്ഷിനേതാവ് ബാലാസാഹെബ് തോറാട്ട്, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ എന്നിവരും തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സംബന്ധിച്ചിരുന്നു.
Summary: Congress minority panel chief Moiz Shaikh seeks Muslim candidates in 40 seats in Maharashtra assembly polls
Adjust Story Font
16