രാഹുലും പ്രിയങ്കയും മത്സരിക്കുമോ? അമേഠി,റായ്‍ബറേലി സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
മത്സര സാധ്യത തള്ളാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്നെയാകും അമേഠിയിലെ സ്ഥാനാർത്ഥി എന്നാണ് സൂചന
രാഹുല്‍ ഗാന്ധി/പ്രിയങ്ക ഗാന്ധി
ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും . കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി വൈകിട്ട് യോഗം ചേരും.മത്സര സാധ്യത തള്ളാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്നെയാകും അമേഠിയിലെ സ്ഥാനാർത്ഥി എന്നാണ് സൂചന.
അതേസമയം റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. തീരുമാനം പ്രിയങ്കയ്ക്ക് വിട്ടുവെങ്കിലും കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രിയങ്ക മത്സരിക്കണം എന്ന് ആവശ്യപ്പെടും. ഉത്തർപ്രദേശ് പിസിസിയുടെ ആവശ്യവും പ്രിയങ്ക വരണമെന്നാണ്. റായ്ബറേലിയിൽ ബി.ജെ.പിയും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ്.ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള എല്ലാ മണ്ഡലങ്ങളുടെയും കാര്യത്തിലും ഇന്ന് ചർച്ചകൾ നടക്കും.പഞ്ചാബിലെ ബാക്കി അഞ്ച് സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ സോണിയാ ഗാന്ധിയുമാണ് നേരത്തെ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത്. 2004 മുതല്‍ സോണിയ ജയിച്ച മണ്ഡലം കൂടിയാണ് റായ്ബറേലി. 2019ല്‍ യുപിയിലെ 62 മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചപ്പോള്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. രാജ്യസഭയിലേക്ക് സോണിയ തെരഞ്ഞെടുക്കപ്പെടുകയും ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ പരാജയപ്പെട്ടിരുന്നു. 55000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് ബി.ജെ.പിയുടെ സ്മൃതി ഇറാനി ജയിച്ചത്. ഇത്തവണ സ്മൃതിയെ തന്നെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. രാഹുല്‍ മത്സരിക്കുന്ന മറ്റൊരു ലോക്സഭാ മണ്ഡലമായ വയനാട്ടില്‍ ഇന്നലെയായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ട്ടി തന്നോട് എന്താവശ്യപ്പെട്ടാലും അതു ചെയ്യുമെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാഹുൽ അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ മത്സരിച്ചേക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്.അതിനിടെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബർട്ട് വാദ്രയ്ക്ക് ഇത്തവണ മണ്ഡലത്തിൽ അവസരം നൽകണമെന്ന പോസ്റ്ററുകൾ ഈ ആഴ്ച ആദ്യം അമേഠിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
Adjust Story Font
16