'അവര്‍ രാമക്ഷേത്രം ബോംബിട്ട് തകർത്ത് മുസ്‍ലിംകളെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്; കോൺഗ്രസ് എം.എൽ.എയുടെ പരാമർശം വിവാദമാകുന്നു
പാട്ടീലിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി
ബംഗളൂരു: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ ബി.ജെ.പി തന്നെ രാമക്ഷേത്രം ബോംബിട്ട് മുസ്‍ലിം സമുദായത്തെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കർണാടക കോൺഗ്രസ് എം.എൽ.എ ബി.ആർ പാട്ടീൽ.
കർണാടക ബി.ജെ.പി എക്‌സിലാണ് (ട്വിറ്റർ) എം.എൽ.എയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചത്. 'അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വിജയിക്കാൻ വേണ്ടി അവർ തന്നെ (ബി.ജെ.പി) രാമക്ഷേത്രം ബോംബിട്ട് മുസ്‍ലിംകളെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്.' എന്നാണ് വീഡിയോയിൽ പറയുന്നത്. അതേസമയം,ബി.ആർ പാട്ടീൽ എപ്പോഴാണ് ഈ പരാമർശം നടത്തിയതെന്ന് വ്യക്തമല്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
പാട്ടീലിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. എം.എൽ.എയുടെ പ്രസ്താവന ഹിന്ദു-മുസ്‍ലിം സംഘർഷത്തിന് ആക്കം കൂട്ടുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു.
'ഹിന്ദുത്വത്തിന്റെ അടിത്തറയെ ചോദ്യം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട കോൺഗ്രസ് അംഗങ്ങൾ രാമക്ഷേത്രത്തിനുനേരെ കണ്ണ് വെച്ചുകഴിഞ്ഞു. രാമക്ഷേത്രം അസ്ഥിരപ്പെടുത്താനും ഹിന്ദു-മുസ്‍ലിം സംഘർഷങ്ങളുണ്ടാക്കി അത് സര്‍ക്കാറിന്‍റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതാണ് ബിആർ പാട്ടീൽ അബദ്ധത്തിൽ സൂചിപ്പിച്ചത്,' ബിജെപി എക്സിൽ കുറിച്ചു.
Adjust Story Font
16