Quantcast

കോണ്‍ഗ്രസിന്‍റെ നോട്ടീസ്: ബി.ജെ.പിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാകുമെന്ന് സച്ചിന്‍ പൈലറ്റ്

ഏകദിന ഉപവാസത്തിൽ പാര്‍ട്ടി നേതൃത്വം സച്ചിന്‍ പൈലറ്റിനോട് വിശദീകരണം തേടി

MediaOne Logo

Web Desk

  • Published:

    23 April 2023 11:09 AM GMT

congress notice to sachin pilot after hunger strike
X

ഡല്‍ഹി: രാജസ്ഥാനില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ച സച്ചിന്‍ പൈലറ്റിന് കോണ്‍ഗ്രസിന്‍റെ നോട്ടീസ്. ഏകദിന ഉപവാസത്തിൽ പാര്‍ട്ടി നേതൃത്വം സച്ചിന്‍ പൈലറ്റിനോട് വിശദീകരണം തേടി. അതേസമയം ബി.ജെ.പിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നത് എങ്ങനെ പാർട്ടി വിരുദ്ധ പ്രവർത്തനമാകും എന്നാണ് സച്ചിന്‍ പൈലറ്റിന്‍റെ ചോദ്യം. താൻ എന്തിനാണ് പ്രതിഷേധിച്ചതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ പൈലറ്റ് നോട്ടീസിന് മറുപടി നല്‍കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

അഴിമതിക്കെതിരെ എന്ന പേരിലാണ് സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഒരു ദിവസത്തെ നിരാഹാര സമരം സംഘടിപ്പിച്ചത്. ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതികളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റിന്‍റെ സമരം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാലിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ലഹരി മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സച്ചിന്‍ പൈലറ്റ് കുറ്റപ്പെടുത്തി. വസുന്ധരരാജെ സിന്ധ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗെഹ്‍ലോട്ടിന്‍റെ പഴയ വീഡിയോ സച്ചിന്‍ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ കാണിക്കുകയും ചെയ്തു. എന്തുകൊണ്ട് ഗെഹ്‍ലോട്ട് ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തിയില്ലെന്നും സച്ചിന്‍ പൈലറ്റ് ചോദിച്ചു.

"ഈ വാഗ്ദാനങ്ങൾ പാലിക്കാതെ നമുക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ല. നമ്മുടെ പക്കൽ തെളിവുകൾ ഉണ്ട്. നമ്മള്‍ നടപടിയെടുക്കേണ്ടതായിരുന്നു. നമ്മള്‍ അന്വേഷിക്കണം. ഇനി തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം ഉടൻ ഉണ്ടാകും. നമ്മള്‍ ജനങ്ങളോട് ഉത്തരം പറയണം"- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ തുറന്ന പോരിനിറങ്ങിയ സച്ചിന്‍ പൈലറ്റിനെ ആം ആദ്മി പാര്‍ട്ടിയും രാഷ്ട്രീയ ലോക്‍താന്ത്രിക് പാര്‍ട്ടിയും പിന്തുണയ്ക്കുകയുണ്ടായി. ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിച്ച് മത്സരിക്കുകയാണെങ്കിൽ അദ്ദേഹവുമായി സഖ്യമുണ്ടാക്കുമെന്ന് ആര്‍.എല്‍.പി അധ്യക്ഷനും എം.പിയുമായ ഹനുമാൻ ബെനിവാൾ പറഞ്ഞു- "ഷെഖാവതി, മർവാർ മേഖലകളിൽ ആർ.എൽ.പിക്ക് സ്വാധീനമുണ്ട്. സച്ചിന്‍ പൈലറ്റ് ഞങ്ങളോടൊപ്പം വന്നാൽ കിഴക്കൻ രാജസ്ഥാനിൽ ശക്തമായ നിലയിലാകും. സർക്കാർ രൂപീകരിക്കാൻ പോലും ഞങ്ങള്‍ക്ക് കഴിയും".

രാജസ്ഥാനില്‍ 200 നിയമസഭാ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല എന്നതാണ് എ.എ.പി അഭിമുഖീകരിക്കുന്ന പ്രശ്നം. ആം ആദ്മി പാർട്ടിയുടെ രാജസ്ഥാന്‍റെ ചുമതലയുള്ള വിനയ് മിശ്ര ട്വീറ്റ് ചെയ്തതിങ്ങനെ- "ഇന്ന് ആരെങ്കിലും രാജസ്ഥാന്‍ കൊള്ളയടിച്ചിട്ടുണ്ടെങ്കിൽ അത് വസുന്ധര രാജെയുടെയും അശോക് ഗെഹ്‍ലോട്ടിന്റെയും സഖ്യമാണ്. ഇതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് രാജസ്ഥാനാണ് (അഞ്ച് ലക്ഷം കോടി രൂപ). ഇന്ന് വിദ്യാസമ്പന്നനായ സച്ചിൻ പൈലറ്റ് അവരുടെ കൂട്ടുകെട്ട് തുറന്നുകാട്ടുകയാണ്. അതിനാൽ രാജസ്ഥാനിലെ ജനങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കണം".

TAGS :

Next Story