കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രികാ സമര്‍പ്പണം ഇന്നു മുതല്‍
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾക്കായി സച്ചിൻ പൈലറ്റ് ഇന്ന് ഡൽഹിയിൽ എത്തിയേക്കും
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർഥികൾ ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കും. ഔദ്യോഗിക സ്ഥാനാർഥിയായ അശോക് ഗെഹ്ലോട്ടിന് എതിരെ ശശി തരൂർ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾക്കായി സച്ചിൻ പൈലറ്റ് ഇന്ന് ഡൽഹിയിൽ എത്തിയേക്കും.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുമ്പോൾ ആണ് നിർണായക ചർച്ചകൾക്കായി സച്ചിൻ പൈലറ്റ് ഡൽഹിയിൽ എത്തുന്നത്. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാൻഡ് ഉറപ്പ് നൽകുകയും എംഎൽഎമാർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും ഗെഹ്ലോട്ട് അവസാന നിമിഷം നടത്തിയേക്കാവുന്ന നീക്കങ്ങൾക്ക് തടയിടുകയാണ് സച്ചിൻ പൈലറ്റിന്‍റെ സന്ദർശന ലക്ഷ്യം. ഔദ്യോഗിക സ്ഥാനാർഥിയായി മൽസര രംഗത്തുള്ള അശോക് ഗെഹ്ലോട്ടിനും തിരുത്തൽവാദി പക്ഷത്ത് നിന്ന് മൽസരിക്കുന്ന ശശി തരൂരിനും ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിക്കുകയാണ്.
എന്നാൽ ശശി തരൂരിന്‍റെ പാളയത്തിൽ നിന്ന് തന്നെ മനീഷ് തിവാരിയും നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. നെഹ്രു കുടുംബം മൽസര രംഗത്ത് നിന്ന് പിന്മാറിയ സാഹചര്യത്തിൽ ശശി തരൂരിന് ഭീഷണിയാകുകയാണ് മനീഷ് തിവാരിയുടെ സ്ഥാനാർഥിത്വം. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർഥികൾ ഉണ്ടാകുമോ എന്നും ദേശീയ നേതൃത്വം നിരീക്ഷിക്കുന്നുണ്ട്.
Adjust Story Font
16