''ഇൻഡ്യ സഖ്യം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു''; സനാതന വിവാദത്തിൽ ഡി.എം.കെയെ തള്ളി കോൺഗ്രസ്
കോൺഗ്രസ് എപ്പോഴും 'സർവധർമ സംഭവി'ലാണു വിശ്വസിക്കുന്നതെന്ന് പവൻ ഖേര
പവന്‍ ഖേര
ന്യൂഡൽഹി: സനാതന ധർമ വിവാദത്തിൽ ഡി.എം.കെയെ തള്ളി കോൺഗ്രസ്. പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' എല്ലാ മതങ്ങളെയും ജാതികളെയും ബഹുമാനിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. വിവാദത്തിൽ ഡി.എം.കെയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദയനിധിയെ പിന്തുണച്ച് നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.
കോൺഗ്രസ് എപ്പോഴും 'സർവധർമ സംഭവി'ലാണു വിശ്വസിക്കുന്നതെന്ന് പവൻ ഖേര പറഞ്ഞു. എല്ലാ മതത്തിനും വിശ്വാസത്തിനും അതിന്റേതായ സ്ഥാനമുണ്ട്. ഏതെങ്കിലും പ്രത്യേക മതത്തെ മറ്റൊരു വിശ്വാസത്തിനു താഴെയാണെന്ന തരത്തിൽ ഒരാൾക്കും പെരുമാറാൻ പറ്റില്ല. വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് വിശ്വസിക്കുന്നില്ലെന്നു മാത്രമല്ല, അതിനു ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 'ഇൻഡ്യ'യിലെ എല്ലാ കക്ഷികളും എല്ലാ മതത്തെയും ആദരിക്കുന്നതിനാൽ വിഷയം ഡി.എം.കെയോട് ഉയർത്തേണ്ട ആവശ്യമില്ലെന്നും പവൻ ഖേര പറഞ്ഞു. ആരുടെയെങ്കിലും പരാമർശങ്ങൾ വളച്ചൊടിക്കണമെങ്കിൽ അങ്ങനെയാകാം. പ്രധാനമന്ത്രിക്കും അതു ചെയ്യാം. എന്നാൽ, 'ഇൻഡ്യ' സഖ്യത്തിലെ ഓരോ അംഗങ്ങൾക്കും എല്ലാ വിശ്വാസങ്ങളോടും സമുദായങ്ങളോടും മതങ്ങളോടും അത്യധികം ആദരവുണ്ടെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
ഉദയനിധിയുടെ പരാമർശങ്ങളിൽ ഒരു മതത്തെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സ്റ്റാലിൻ ഇന്നു പ്രതികരിച്ചിരുന്നു. സനാതന ധർമത്തിലുള്ള പട്ടിക ജാതിക്കാരോടും പട്ടിക വർഗക്കാരോടും സ്ത്രീകളോടുമുള്ള വിവേചനം ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തതെന്നും പ്രധാനമന്ത്രി വാസ്തവം അറിയാതെയാണ് ഇതേക്കുറിച്ചു പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Summary: 'INDIA respects all religions': Congress rejects DMK in Sanatana Dharma controversy
Adjust Story Font
16