ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുന്നതിന് ഉത്തരവാദി കോൺഗ്രസ്; സിപിഎം
ബിജെപി തോൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലും ഐക്യപ്രസ്ഥാനം രൂപീകരിച്ചില്ലെന്ന് എം.വി ഗോവിന്ദൻ

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാൻ കാരണം കോൺഗ്രസാണെന്ന് സിപിഎം. എഎപിയാണ് പ്രധാന ശത്രു എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഈ നിലപാടാണ് ബിജെപിക്ക് ജയിക്കാനുള്ള നിലം ഒരുക്കിയതെന്നും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
കോൺഗ്രസ്സും എഎപിയും ഒന്നിച്ചിരുന്നെങ്കിൽ 50% വോട്ട് ലഭിക്കുമായിരുന്നു. എന്നാൽ, ബിജെപി തോൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലും ഐക്യപ്രസ്ഥാനം രൂപീകരിച്ചില്ലെന്നും രാഹുൽ ഗാന്ധി ഉൾപ്പടെ നേതാക്കൾ വരെ എഎപിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഈ തോൽവി ഇൻഡ്യ സഖ്യത്തിന് മുഴുവൻ വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണമുറപ്പിച്ചിരിക്കുകയാണ് ബിജെപി. നിലവിൽ ബിജെപി 47 സീറ്റിൽ മുന്നിലാണ്. 23 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.
Adjust Story Font
16