Quantcast

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യത്തുടനീളം കോൺഗ്രസ് സത്യാഗ്രഹം

വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമാണ് സത്യഗ്രഹമെന്ന് കോൺഗ്രസ്

MediaOne Logo

Web Desk

  • Updated:

    2023-03-26 10:16:51.0

Published:

26 March 2023 10:13 AM GMT

Congress satyagraha across the country against Rahul Gandhis disqualification
X

രാഹുൽ ഗാന്ധിയുടെ മുഖംമൂടിയണിഞ്ഞ കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യം മുഴുവൻ കോൺഗ്രസ് സത്യാഗ്രഹം. ഡൽഹി രാജ്ഘട്ടിൽ നടന്ന സത്യാഗ്രഹത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പടെയുള്ള ദേശീയ നേതാക്കൾ പങ്കെടുത്തു. വരാനിരിക്കുന്ന സമരങ്ങളുടെ തുടക്കമാണ് സത്യഗ്രഹമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു.

ആബാലവൃദ്ധമടക്കം ആയിരത്തിലേറെ കോൺഗ്രസ് പ്രവർത്തകരാണ് മഹാത്മാ ഗാന്ധിയുടെ സമാധിയായ രാജഘട്ടിലേക്ക് രാവിലെ മുതൽ എത്തിയത്. പൊലീസ് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ചെങ്കിലും സത്യാഗ്രഹവുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. വാക്കാൽ അനുമതി നൽകുക മാത്രമായിരുന്നു പൊലീസിന് മുൻപിലുള്ള ഏക മാർഗ്ഗം. കോൺഗ്രസ് അധ്യക്ഷൻ, കെ.സി വേണുഗോപാൽ ഉൾപ്പടെയുള്ള എഐസിസി ജനറൽ സെക്രട്ടറിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും പത്ത് മണിക്ക് സത്യാഗ്രഹ വേദിയിൽ എത്തി.

പ്രവർത്തകരെ അഭിസംബോധന ചെയ്ത കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബിജെപിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചു. രാഹുൽ ഗാന്ധിയേ നിശബ്ദമാക്കിയാൽ കോൺഗ്രസ് ഇല്ലാതാകുമെന്നത് തെറ്റി ധാരണയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കോലാറിൽ നടത്തിയ പ്രസംഗത്തിന് എതിരെ ധൈര്യമുണ്ടായിരുന്നെങ്കിൽ കർണാടകയിൽ കേസ് എടുക്കണമായിരുന്നുവെന്നും മല്ലികാർജുൻ ഖാർഗെ വെല്ലുവിളിച്ചു. പൊലീസ് നിരോധനാജ്ഞ ലംഘിച്ച് വൈകീട്ട് 5 മണി വരെയാണ് രാജ്ഘട്ടിലെ ഉപവാസം. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന സന്ദേശവുമായി വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതിനിടെ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിലവിലെ പദവി അയോഗ്യനാക്കപ്പെട്ട എംപി എന്ന് രാഹുൽ ഗാന്ധി മാറ്റം വരുത്തി.

സംസ്ഥാനത്തും കോൺഗ്രസ് സത്യാഗ്രഹം

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തും കോൺഗ്രസ് സത്യാഗ്രഹം. തിരുവനന്തപുരത്ത് കെ. സുധാകരനും കൊച്ചിയിൽ വി.ഡി സതീശനും സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധപരിപാടിയിൽ എംപിമാരും എംഎൽഎമാരും പങ്കെടുത്തു.

വിവിധ സ്ഥലങ്ങളിൽ നടന്ന സത്യാഗ്രഹ സമരത്തിൽ ആയിരങ്ങളാണ് പങ്കാളികളായത്. തിരുവനന്തപുരത്തെ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചു. കൊച്ചി കച്ചേരിപ്പടിയിലെ ഗാന്ധിപ്രതിമയക്ക് മുന്നിലെ സത്യാഗ്രഹസമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. വിവധ ജില്ലകളിലും സത്യഗ്രഹ സമരം നടക്കുകയാണ്.



Congress satyagraha across the country against Rahul Gandhi's disqualification

TAGS :

Next Story