Quantcast

സ്കൂള്‍ കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു; നിതിന്‍ ഗഡ്കരിക്കെതിരെ കോണ്‍ഗ്രസിന്‍റെ പരാതി

നാഗ്പൂര്‍ സീറ്റില്‍ നിന്നാണ് ഗഡ്കരി ഇക്കുറി ജനവിധി തേടുന്നത്

MediaOne Logo

Web Desk

  • Updated:

    2024-04-04 07:41:26.0

Published:

4 April 2024 7:40 AM GMT

Nitin Gadkari
X

നിതിന്‍ ഗഡ്കരി

മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി കോണ്‍ഗ്രസിന്‍റെ പരാതി. സ്കൂള്‍ കുട്ടികളെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചുവെന്നും ഗഡ്കരിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വക്താവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

നാഗ്പൂര്‍ സീറ്റില്‍ നിന്നാണ് ഗഡ്കരി ഇക്കുറി ജനവിധി തേടുന്നത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നാഗ്പൂരിലെ എൻഎസ്‍വിഎം ഫുൽവാരി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും കോൺഗ്രസ് വക്താവ് തൻ്റെ പരാതി കത്തിനൊപ്പം ചേർത്തിട്ടുണ്ട്. ഉച്ചക്ക് 12നും 1 മണിക്കും ഇടയില്‍ വൈദാലി നഗറിലാണ് റാലി സംഘടിപ്പിച്ചത്. പോസ്റ്റർ/ ലഘുലേഖ വിതരണം, മുദ്രാവാക്യങ്ങൾ, പ്രചാരണ റാലികൾ, തെരഞ്ഞെടുപ്പ് യോഗങ്ങൾ അല്ലെങ്കിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന് ഫെബ്രുവരിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നൽകിയിരുന്നു.

നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയാണ് ഗഡ്കരി മത്സരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിലാസ് മുട്ടേംവാറിനെ 2.85 ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2019ല്‍ കോണ്‍ഗ്രസിനെ നാനാ പടോളിനെ 2.15 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തിയത്. ഇത്തവണ അഞ്ചു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലക്ഷ്യമിടുന്നതെന്ന് ഗഡ്കരി വ്യക്തമാക്കിയിരുന്നു. റോഡ് ഷോകള്‍, വീടുകള്‍ തോറുമുള്ള സന്ദര്‍ശനം എന്നിവയിലൂടെ പ്രചരണത്തില്‍ സജീവമാണ് ഗഡ്കരി.

TAGS :

Next Story