ബസവരാജ ബൊമ്മൈയുടെയും കുമാരസ്വാമിയുടെയും തട്ടകങ്ങള്‍ പിടിച്ചടക്കി കോൺഗ്രസ്; കർണാടകയിൽ മിന്നും വിജയം
2008 മുതൽ ബസവരാജ് ബൊമ്മൈയ തുടർച്ചയായി വിജയിച്ചുവരുന്ന ഹാവേരിയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലൊന്നാണ് ഷിഗാവ്
ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും മിന്നും വിജയം നേടി കോൺഗ്രസ്. ചന്നപട്ടണം, സന്ദൂരു, ഷിഗാവ് മണ്ഡലങ്ങളിലാണ് ഭരണകക്ഷിയുടെ മിന്നും പ്രകടനം. മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ ബൊമ്മൈയുടെ തട്ടകമാണ് ഷിഗാവ്. ചന്നപട്ടണം മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുടെ ശക്തിദുർഗവും. ഇരുനേതാക്കളുടെയും മക്കളാണ് ഇരു മണ്ഡലങ്ങളിലും തോൽവി രുചിച്ചതെന്നതും ശ്രദ്ധേയമാണ്.
ഹാവേരിയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലൊന്നാണ് ഷിഗാവ്. 2008 മുതൽ ബസവരാജ് ബൊമ്മൈ തുടർച്ചയായി വിജയിച്ചുവരുന്ന മണ്ഡലം. ഇവിടെ 13,448 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥി യാസിർ അഹ്മദ് ഖാൻ പഠാൻ വിജയിച്ചത്. യാസിർ ഒരു ലക്ഷം വോട്ട് നേടിയപ്പോൾ ബിജെപി സ്ഥാനാർഥിയും ബസവരാജ് ബൊമ്മൈയുടെ മകനുമായ ഭരത് ബൊമ്മൈയ്ക്ക് 87,308 വോട്ടാണ് നേടാനായത്. കഴിഞ്ഞ തവണ ബിജെപി നേതാവ് 35,978 വോട്ടിനു വിജയിച്ച മണ്ഡലം കൂടിയാണിത്.
ചന്നപട്ടണത്തും മിന്നും വിജയമാണ് കോൺഗ്രസ് നേടിയത്. 25,413 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന്റെ സി.പി യോഗേശ്വര എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ തോൽപിച്ചത്. യോഗേശ്വരയ്ക്ക് 1.12 ലക്ഷം വോട്ട് ലഭിച്ചപ്പോൾ നിഖിലിന് 87,229 വോട്ടാണു ലഭിച്ചത്. 2018ലും 2023ലും കുമാരസ്വാമി വിജയിച്ച മണ്ഡലമാണിത്. കഴിഞ്ഞ തവണ 15,915 വോട്ടിനായിരുന്നു അദ്ദേഹത്തിന്റെ വിജയം.
ഉറച്ച കോൺഗ്രസ് മണ്ഡലമായ സന്ദൂരു നിലനിർത്തുകയും ചെയ്തു. ബെല്ലാരി എംപി ഇ. തുക്കാറാമിന്റെ ഭാര്യ അന്നപൂർണ തുക്കാറാമാണ് ഇവിടെ വിജയിച്ചത്. തുക്കാറാം ലോക്‌സഭയിലേക്ക് വിജയിച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. 9,649 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ ബിജെപിയുടെ ബംഗാര ഹനുമാന്തയെ അന്നപൂർണ തോൽപിച്ചത്.
Summary: Congress wins Channapatna, Shiggaon and Sandur in Karnataka Bypolls Updates
Adjust Story Font
16