പശ്ചിമ ബംഗാളിലെ സാഗർദിഗി മണ്ഡലത്തിൽ 51 വർഷത്തിന് ശേഷം കോൺഗ്രസ് വിജയത്തിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് അവസാന ഫല സൂചനകൾ
Congress
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുവരവറിയിച്ച് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടന്ന സാഗർദിഗി മണ്ഡലത്തിൽ 51 വർഷത്തിന് ശേഷം കോൺഗ്രസ് വിജയത്തിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് സ്ഥാനാർഥി ബയ്‌റോൺ ബിശ്വാസ് 14,157 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിശ്വാസ് ഇതുവരെ 56,203 വോട്ടുകൾ നേടി. തൊട്ടുപിന്നിലുള്ള തൃണമൂൽ കോൺഗ്രസിലെ ദെബാശിഷ് ബാനർജി 42,046 വോട്ടുകളാണ് നേടിയത്. ബി.ജെ.പി സ്ഥാനാർഥിയായ ദിലീപ് സാഹ 18,732 വോട്ടുകൾ നേടി.
മഹാരാഷ്ട്രയിലെ കസ്ബപേത്തിൽ 35 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര ധങ്കേക്കർ 10,688 വോട്ടുകൾക്കാണ് വിജയിച്ചത്. മഹാവികാസ് അഘാഡി സഖ്യത്തിന് വലിയ ഊർജം നൽകുന്നതാണ് കസ്ബപേത്തിലെ വിജയം. ധങ്കേക്കർ 72,182 വോട്ടുകൾ നേടി. ബി.ജെ.പി സ്ഥാനാർഥി ഹേമന്ദ് നാരായണൻ രസാനെക്ക് 61,494 വോട്ടുകളാണ് നേടാനായത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി അധികാരത്തിലേക്ക് നീങ്ങുകയാണ്. ത്രിപുരയിൽ ആകെയുള്ള 60 സീറ്റിൽ 32 സീറ്റിലും ബി.ജെ.പി ലീഡ് ചെയ്യുകയാണ്. നാഗാലാൻഡിൽ ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 37 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. മേഘാലയയിൽ 23 സീറ്റുമായി എൻ.പി.പിയാണ് മുന്നിട്ടുനിൽക്കുന്നത്.
Adjust Story Font
16