Quantcast

എം.ബി.എ വിദ്യാര്‍ഥിനിയുടെ കൊലപാതകം: ബി.ജെ.പി നേതാവിന്‍റെ വീട്ടിലേക്ക് ബുള്‍ഡോസര്‍ ഓടിച്ച് പ്രതിഷേധം

ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരുടെ വീട് തകര്‍ക്കുന്ന രീതി ബി.ജെ.പി നേതാവിന്‍റെ കാര്യത്തിലും വേണമെന്ന് കോണ്‍ഗ്രസ്

MediaOne Logo

Web Desk

  • Updated:

    2023-06-28 09:37:29.0

Published:

28 Jun 2023 9:30 AM GMT

Congress workers drove a bulldozer to BJP leader Priyansh Vishwakarma’s residence demanding demolition action
X

ഭോപ്പാല്‍: എം.ബി.എ വിദ്യാര്‍ഥിനി വേദിക താക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് പ്രിയൻഷ് വിശ്വകർമയുടെ വീട്ടിലേക്ക് ബുള്‍ഡോസര്‍ ഓടിച്ച് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരുടെ വീട് തകര്‍ക്കുന്ന രീതി ഇവിടെയും നടപ്പിലാക്കണമെന്നാണ് ആവശ്യം. പ്രിയൻഷ് വിശ്വകർമയുടെ മധ്യപ്രദേശിലെ ജബൽപൂരിലെ വീട്ടിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഓടിച്ചെത്തിയത്.

ജൂൺ 16നാണ് ജബൽപൂരിലുള്ള പ്രിയൻഷിന്റെ ഓഫിസിൽ വച്ച് 26കാരിയായ എം.ബി.എ വിദ്യാർഥിനി വേദിക താക്കൂറിന് വെടിയേറ്റത്. ഗുരുതരാവസ്ഥയിലായിരുന്ന യുവതി 10 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ജൂൺ 19നാണ് പ്രിയൻഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കൊലപാതകശ്രമം എന്ന കുറ്റമാണ് ചുമത്തിയത്. വേദികയുടെ മരണത്തോടെ കൊലക്കുറ്റം ചുമത്തി.

വേദികയും സുഹൃത്ത് പായലുമാണ് സംഭവ ദിവസം പ്രിയൻഷിന്റെ ഓഫിസിലെത്തിയത്. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഇടയിലാണ് വെടിയേൽക്കുന്നതെന്ന് വേദികയുടെ അമ്മാവൻ അശോക് താക്കൂർ പറഞ്ഞു. സംഭവത്തിനുശേഷം പായലിനെ കാണാനില്ല.

വെടിവച്ച ശേഷം വേദികയുമായി വൈകീട്ട് ആറു മണി വരെ പ്രിയന്‍ഷ് നഗരത്തിൽ കാറിൽ കറങ്ങിനടന്നതായി വ്യക്തമായിട്ടുണ്ടെന്ന് അശോക് താക്കൂര്‍ പറഞ്ഞു. ശേഷം ആശുപത്രിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രിയന്‍ഷ് കടന്നുകളഞ്ഞു. ഓഫിസിലെ സി.സി.ടി.വിയുടെ ഡി.വി.ആർ എടുത്താണ് ഇയാൾ മുങ്ങിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രിയൻഷെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.

പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കിടെ വേദികയുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയ ബുള്ളറ്റ് പൊലീസ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രിയൻഷിൽനിന്ന് പിടിച്ചെടുത്ത തോക്കിൽനിന്ന് തന്നെയാണോ വെടിയേറ്റതെന്ന് ഫോറൻസിക് സംഘം പരിശോധിക്കും.

Summary- Congress workers drove a bulldozer to BJP leader Priyansh Vishwakarma’s residence in Madhya Pradesh’s Jabalpur, demanding demolition action against him. Priyansh Vishwakarma is accused of shooting Vedika Thakur, an MBA student, who later succumbed to her injuries while undergoing treatment.

TAGS :

Next Story