Quantcast

പെട്രോളടിക്കുന്നതിനെച്ചൊല്ലി തർക്കം; 26കാരനെ തല്ലിക്കൊന്നു

സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2024-05-14 10:16:25.0

Published:

14 May 2024 10:14 AM GMT

Controversy over petrol
X

ഉത്തർപ്രദേശ്: നോയിഡയിൽ വാഹനത്തിൽ പെട്രോൾ അടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ 26കാരനെ മൂന്നംഗ സംഘം മർദിച്ചുകൊന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡെപ്യുട്ടി കമ്മീഷണർ ഹൃതേഷ് കതേരിയ പറഞ്ഞു.

ഗാസിയാബാദ് നിവാസിയായ അമൻ കസാന എന്ന വ്യക്തി രാത്രി 10.30ഓടെ കാറിൽ ഇന്ധനം നിറയ്ക്കാൻ ഖേദ ചൗഗൻപൂർ ഗ്രാമത്തിലെ സി.എൻ.ജി പമ്പിലെത്തിയതായിരുന്നു. ബന്ധുവായ അഭിഷേകും കൂടെയുണ്ടായിരുന്നു. അതേ സമയം ഇന്ധനം വാങ്ങാൻ എത്തിയ അജയ് എന്ന മറ്റൊരാളും ഇയാളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അജയ് തന്റെ കൂട്ടാളികളായ അങ്കുഷിനെയും റിഷബിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഇവർ കൂട്ടമായി അമനെ മർദിക്കുകയായിരുന്നെന്ന് കതേരിയ പറഞ്ഞു.

സി.എൻ.ജി പമ്പിന് പുറത്തായിരുന്നു ഏറ്റുമുട്ടൽ. വഴക്കിനിടെ അമന്റെ തലയിൽ വടികൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകളോടെ മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കസാനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മൂന്ന് പ്രതികളിൽ അജയ്, റിഷഭ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അങ്കുഷിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഡീഷണൽ ഡി.സി.പി പറഞ്ഞു. പ്രതിയുടെ കാർ കസ്റ്റഡിയിലെടുത്തതായും കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തക്കറകളുള്ള വടി കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

TAGS :

Next Story