കണ്ണാടിക്ക് പിന്നിൽ ഇടനാഴി, ഡാൻസ് ബാറിലെ രഹസ്യമുറിയിൽ നിന്ന് രക്ഷിച്ചത് 17 യുവതികളെ
രഹസ്യമുറിയിൽ എസിയും വെന്റിലേഷനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു
ബാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ രഹസ്യമുറിയിൽ 17 സ്ത്രീകളെ ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. മുംബൈയിലെ അന്ധേരിയിലെ ഒരു ബാറിലാണ് സംഭവം. പതിനഞ്ച് മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് പൊലീസിന് സ്ത്രീകളെ ഒളിപ്പിച്ച ബാറിലെ രഹസ്യമുറി കണ്ടെത്താനായത്.
രഹസ്യമുറിയിൽ എസിയും വെന്റിലേഷനും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ശീതളപാനീയളും ബാർ അധികൃതർ ഈ മുറിയിൽ സൂക്ഷിച്ചിരുന്നു. യുവതികളെ ഇവിടെ നിന്നും രക്ഷിച്ച പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് 20 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ബാർ നടത്തുന്നതായി പൊലീസിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പൊലീസ് പരിശോധന നടത്തിയത്. പ്രവർത്തന സമയം കഴിഞ്ഞിട്ടും ബാർ തുറക്കുന്നതായും പരാതിയിൽ പറയുന്നു. ബാറിൽ മുഴുവൻ പൊലീസ് അരിച്ചുപെറുക്കിയിട്ടും ബാർഗേൾസിനെ കണ്ടെത്തായിരുന്നില്ല.
പിറ്റേദിവസം അതിരാവിലെ പൊലീസ് വീണ്ടും പരിശോധന നടത്തി. അതിനിടെയാണ് ഗ്രീൻ റൂമിന് സമീപം ഒരു ഗ്ലാസ് പാനൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയത്. ഇത് തല്ലിതകർത്തപ്പോഴാണ് ഒരു ഇലക്ട്രോണിക് ഡോർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അത് തുറന്നപ്പോഴാണ് ചെറിയ ഒരു ചെറിയ രഹസ്യമുറി കണ്ടെത്തിയത്. അതിനകത്തായിരുന്നു 17 ബാർഗേൾസിനെ ഒളിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16