തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ജാതി സെൻസസ് പരാമർശം; രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് കോടതി
സ്വകാര്യ ഹരജിയിൽ ബറേലി ജില്ലാകോടതിയാണ് നോട്ടീസ് അയച്ചത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ജാതിസെൻസസ് പരാമർശത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ഉത്തർപ്രദേശിലെ ബറേലി ജില്ലാ കോടതി. ജനുവരി ഏഴിന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. പങ്കജ് പതക് എന്നയാളുടെ പരാതിയിലാണ് നോട്ടീസ്.
ജാതി സെൻസസ് സംബന്ധിച്ച കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകൾ 'രാജ്യത്തെ വിഭജിക്കാൻ' ഉദ്ദേശമിട്ടുള്ളവയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരാതിയുമായി എംപി- എംഎൽഎ കോടതിയെയാണ് ഹരജിക്കാരൻ ആദ്യം സമീപിച്ചത്. എന്നാൽ കോടതി ഹരജി തള്ളിയതോടെ ജില്ലാ കോടതിയിലെത്തി.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ സാമ്പത്തിക, സ്ഥാപന സർവേ നടത്തുമെന്ന രാഹുലിൻ്റെ പ്രസംഗത്തിനെതിരെയാണ് ഹരജി. 'പട്ടികജാതി- പട്ടികവർഗക്കാർ, മറ്റു ന്യൂനപക്ഷങ്ങൾ എന്നിവരുടെ കൃത്യമായ ജനസംഖ്യയും പദവിയും അറിയാൻ ഞങ്ങൾ ആദ്യം ജാതി സെൻസസ് നടത്തും. അതിനുശേഷം, സാമ്പത്തിക, സ്ഥാപന സർവേ ആരംഭിക്കും. തുടർന്ന്, ഇന്ത്യയിലെ സമ്പത്ത്, ജോലികൾ, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഈ വിഭാഗങ്ങൾക്ക് വിതരണം ചെയ്യും.'- ഇതായിരുന്നു രാഹുലിൻ്റെ പ്രസംഗം. പ്രസംഗത്തിനെതിരെ വൻ പ്രതിഷേധമാണ് അന്നുയർന്നത്.
Adjust Story Font
16