Quantcast

ഒരാഴ്ചക്കിടെ നാലിരട്ടി വർധനവ്, ഇന്നലെ മാത്രം 21 ശതമാനം; പിടിവിട്ട് ഒമിക്രോൺ

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമായി

MediaOne Logo

Web Desk

  • Updated:

    2022-01-02 07:22:47.0

Published:

2 Jan 2022 6:59 AM GMT

ഒരാഴ്ചക്കിടെ നാലിരട്ടി വർധനവ്, ഇന്നലെ മാത്രം 21 ശതമാനം; പിടിവിട്ട് ഒമിക്രോൺ
X

രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊറോണയുടെ വ്യാപനം കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ മാത്രം രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 27553 പേർക്ക് കൊറോണ ബാധിച്ചു. രാജ്യത്ത് പുതിയ കോവിഡ് കേസുകളിൽ 21 ശതമാനം വർധനവാണുണ്ടായതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 284 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ മൂന്നിന് ശേഷം പ്രതിദിന കേസുകൾ 22,000 കടക്കുന്നതാണ് വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച 22,775 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 3,48,89, 132 ആണ്. ചികിത്സയിൽ തുടരുന്ന കൊവിഡ് രോഗികളുടെ എണ്ണം 1,22,801 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനമാണ്. 88 ദിവസങ്ങൾക്ക് ശേഷമാണ് പോസറ്റിവിറ്റി നിരക്ക് രണ്ടു ശതമാനം കടക്കുന്നത്.

വില്ലനായി ഒമിക്രോൺ

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ കഴിഞ്ഞമാസമാണ് ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം മിന്നൽ വേഗത്തിലാണ് ലോകമെമ്പാടും വ്യാപിച്ചത്. 106 ഓളം രാജ്യങ്ങളിൽ രോഗം കണ്ടെത്തിയാതായി ലോകാരോഗ്യസംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലും ഒമിക്രോൺ വളരെ വേഗത്തിലാണ് വ്യാപിച്ചത്. 23 സംസ്ഥാനങ്ങളിലായി 1525 പേർക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്. ഏറ്റവും കൂടുതൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 460 ഓളം കേസുകൾ ഇവിടെ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തു. തൊട്ടുപിന്നിൽ രാജ്യതലസ്ഥാനമായ ഡൽഹിയുമുണ്ട്. 351 പേർക്കാണ് ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21 കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ ഇവിടുത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 136 ആയി. ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ തമിഴ്‌നാടാണ് നാലാം സ്ഥാനത്ത്. 117 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊട്ടുപിന്നിൽ നമ്മുടെ സ്വന്തം കേരളവുമുണ്ട്. കേരളത്തിൽ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ഒമിക്രോൺ രോഗികളുടെ എണ്ണം 109 ആയി വർധിച്ചു.


ഡെൽറ്റയെ പിന്നാലാക്കി ഒമിക്രോൺ

രാജ്യത്തെ ഒമിക്രോണിന്റെ വ്യാപനം ഡെൽറ്റയെക്കാൾ വേഗത്തിലാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വിമാനത്താവളങ്ങളിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളിൽ 80 ശതമാനവും ഒമിക്രോണായിരുന്നു. കൂടാതെ ജനിതക ശ്രേണീകരണം നടത്തിയ സാമ്പിളുകളിലും 50 ശതമാനവും ഒമിക്രോണായിരുന്നു. ദേശീയ തലസ്ഥാനമായ ന്യൂഡൽഹി, സാമ്പത്തിക കേന്ദ്രമായ മുംബൈ, കൊൽക്കത്ത തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള മെട്രോ നഗരങ്ങളിൽ ഒമിക്രോൺ കേസുകൾ കുത്തനെ ഉയരുന്നതും സർക്കാറുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഒമിക്രോൺ വകഭേദം കൊവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കമാണോ എന്ന ഭയത്തിലാണ് ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും. ഒമിക്രോൺ ആദ്യമായി വിദേശരാജ്യങ്ങളിലായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഹൈറിസക് കാറ്റഗറിയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് എത്തിയവർക്കായിരുന്നു ഇന്ത്യയിലും ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് ഇത്തരം രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായി പരിശോധിക്കാനും നിരീക്ഷണത്തിലാക്കാനും സംസ്ഥാനങ്ങൾ തീരുമാനിച്ചു. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരുമായി യാതൊരുവിധ സമ്പർക്കവുമില്ലാത്തവർക്കും പല സംസ്ഥാനങ്ങളിലും ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡൽഹിയിലും ഒമിക്രോൺ രോഗികളുടെ എണ്ണം അതിവേഗം വർധനിക്കുന്നത് ഇതിന് ഉദാഹരണമായാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.സമൂഹവ്യാപനത്തിന്റെ കാര്യം സംസ്ഥാനങ്ങൾ തുറന്ന് പറയുന്നില്ലെങ്കിലും വിദേശപശ്ചാത്തലമില്ലാത്തവർക്ക് രോഗം ബാധിക്കുന്നത് ആരോഗ്യവിഭാഗത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.


നേരിടാൻ സുസജ്ജം

രോഗികളുടെ എണ്ണം വരും ദിവസങ്ങളിലും വർധിക്കുമെന്നതിനാൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും രാത്രികർഫ്യൂകളടക്കമുള്ള കാര്യങ്ങൾ നടപ്പാക്കിവരികയാണ്. ജനങ്ങൾ കൂടുതലായി ഒത്തുചേരുന്ന സിനിമ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, പാർക്കുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. തമിഴ്‌നാട് അടക്കുള്ള സംസ്ഥാനങ്ങൾ സ്‌കൂളുകൾ തുറക്കുന്നത് നീട്ടിയിട്ടുണ്ട്. കൂടാതെ താൽക്കാലിക ആശുപത്രികൾ സ്ഥാപിക്കാനും പ്രത്യേക ടീമുകൾ രൂപീകരിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം അതിവേഗത്തിലായിരിക്കുമെന്നും ആയിരങ്ങൾ രോഗികളാവാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. രോഗവ്യാപനം കൂടുന്നതോടെ ആശുപത്രികളിൽ തിരക്ക് കൂടുമെന്നും അതിനുള്ള സൗകര്യം ഒരുക്കണമെന്നും അവർ പറഞ്ഞിരുന്നു.

TAGS :
Next Story