Quantcast

ത്രിപുരയിൽ മകന് അടിതെറ്റി; കുത്തക സീറ്റിൽ സി.പി.എമ്മിനു കെട്ടിവച്ച കാശും നഷ്ടം

മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ബോക്‌സാനഗറിൽ സി.പി.എം നേതാവ് ശംസുൽ ഇസ്‌ലാമിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ മിസാൻ ഹുസൈൻ ആണ് മത്സരിച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-08 12:31:40.0

Published:

8 Sep 2023 12:29 PM GMT

BJP wins Muslim-majority Boxanagar and Dhanpur assembly seats beating CPM in Tripura, CPM loses Boxanagar in Tripura to BJP, Tafajjal Hossain, Mizan Hussain, Samsul Haque
X

ബോക്സാനഗറില്‍ ലഡു വിതരണം ചെയ്തു വിജയം ആഘോഷിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍

അഗർത്തല: ത്രിപുരയിലെ പാർട്ടി ശക്തികേന്ദ്രത്തിൽ സി.പി.എമ്മിനു തിരിച്ചടി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലം കൂടിയായ ബോക്‌സാനഗറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിനു കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടു. അന്തരിച്ച സി.പി.എം നേതാവ് ശംസുൽ ഇസ്‌ലാമിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ മിസാൻ ഹുസൈൻ ആണ് ഇവിടെ മത്സരിച്ചിരുന്നത്.

ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലത്തിലും ബി.ജെ.പിക്കാണു ജയം. ബോക്‌സാനഗറിനു പുറമെ പഴയ സി.പി.എം കോട്ടയായ ധൻപൂരിലും ബി.ജെ.പി വൻ ഭൂരിപക്ഷത്തിനു ജയിച്ചു. ബോക്‌സാനഗറിൽ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ തഫജ്ജൽ ഹുസൈൻ അന്തരിച്ച സി.പി.എം നേതാവിന്റെ മകനെ തോൽപിച്ചത്.

55 ശതമാനം മുസ്‌ലിം വോട്ടർമാരുള്ള മണ്ഡലമാണ് ബോക്‌സാനഗർ. കഴിഞ്ഞ തവണ സി.പി.എം നേതാവായ ശംസുൽ ഹഖ് 4,849 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. 19,404 വോട്ട് ശംസുൽ ഹഖിനു ലഭിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന തഫജ്ജൽ ഹുസൈന് 14,555 വോട്ടും ലഭിച്ചു.

എന്നാൽ, ഇത്തവണ തഫജ്ജൽ മണ്ഡലം ഒറ്റയ്ക്കു തൂത്തുവാരുകയായിരുന്നു. 30,237 എന്ന പടുകൂറ്റൻ ലീഡാണ് ശംസുൽ ഹഖിന്റെ മകൻ മിസാനെതിരെ തഫജ്ജൽ നേടിയത്. ബി.ജെ.പി സ്ഥാനാർത്ഥിക്ക് 34,146 വോട്ട് ലഭിച്ചപ്പോൾ കേവലം 3,909 വോട്ടിലേക്കു കൂപ്പുകുത്തി സി.പി.എം സ്ഥാനാർത്ഥി.

പതിറ്റാണ്ടുകളായി സി.പി.എം കോട്ടയായിരുന്ന ധൻപൂർ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലാണ് അട്ടിമറി ജയത്തിലൂടെ ബി.ജെ.പി സ്വന്തമാക്കുന്നത്. ത്രിപുരയിലെ സി.പി.എമ്മിന്റെ തലതൊട്ടപ്പനും നാലു തവണ ത്രിപുര മുഖ്യമന്ത്രിയുമായിരുന്ന മണിക് സർക്കാരിന്റെ തട്ടകമായിരുന്നു ധൻപൂർ. ഫെബ്രുവരിയിൽ 3,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പി എം.പിയായ പ്രതിമ ഭൗമിക് സി.പി.എമ്മിന്റെ കൗശിക് ചന്ദ്രയെ തോൽപിക്കുകയായിരുന്നു.

കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രിയായതോടെ അവർ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ബിന്ദു ദേബ്‌നാഥ് പാർട്ടിയുടെ ഭൂരിപക്ഷം മൂന്നിരട്ടിയിലേറെ കൂട്ടി. 18,871 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ സി.പി.എം നേതാവ് കൗശിക് ചന്ദയെ ബിന്ദു തോൽപിച്ചത്. ബിന്ദുവിന് 30,017 വോട്ട് ലഭിച്ചപ്പോൾ കൗശികിന് 11,146 വോട്ടും ലഭിച്ചു.

Summary: BJP wins Muslim-majority Boxanagar and Dhanpur assembly seats beating CPM in Tripura

TAGS :

Next Story