Quantcast

യു.എസില്‍ സ്റ്റാലിന്‍റെ സൈക്കിള്‍ സവാരി; എപ്പോഴാണ് നമ്മളൊരുമിച്ച് ചെന്നൈയിൽ സൈക്കിൾ ചവിട്ടുന്നതെന്ന് രാഹുല്‍ ഗാന്ധി

ബഹിരാകാശ മേഖലയിലെ വ്യവസായങ്ങൾക്ക് നിക്ഷേപം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    5 Sep 2024 3:13 AM

MK Stalin, Rahul Gandhi
X

ചെന്നൈ: യുഎസ് സന്ദർശനത്തിനിടെ ചിക്കാഗോ മിഷിഗൺ തടാക തീരത്ത് സൈക്കിള്‍ സവാരി നടത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘സായാഹ്ന ശാന്ത അന്തരീക്ഷം പുതിയ സ്വപ്നങ്ങൾക്ക് കളമൊരുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റാലിൻ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നിക്ഷേപ സാധ്യത തേടിയാണ് സ്റ്റാലിന്‍റെ യു.എസ് സന്ദര്‍ശനം. ബഹിരാകാശ മേഖലയിലെ വ്യവസായങ്ങൾക്ക് നിക്ഷേപം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

സ്റ്റാലിന്‍ എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കമന്‍റുമായെത്തി. 'സഹോദരാ...എന്നാണ് നമ്മളൊരുമിച്ച് ചെന്നൈയിൽ സൈക്കിൾ ചവിട്ടുന്നതെന്നായിരുന്നു' രാഹുലിന്‍റെ ചോദ്യം. സൈക്ലിംഗിനും രുചികരമായ ദക്ഷിണേന്ത്യൻ ഉച്ചഭക്ഷണത്തിനും രാഹുലിനെ ചെന്നൈയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്‍ കമന്‍റിന് മറുപടി നല്‍കിയത്''പ്രിയ സഹോദരാ...നിങ്ങൾക്ക് ഒഴിവു കിട്ടുമ്പോഴെല്ലാം, നമുക്ക് ഒരുമിച്ച് ചെന്നൈയുടെ ഹൃദയഭാഗങ്ങളിലേക്ക് പോകാം. മധുരപലഹാരങ്ങളുടെ ഒരു പെട്ടി ഇപ്പോഴും എൻ്റെ ഭാഗത്ത് നിന്ന് പെന്‍ഡിംഗാണ്. സൈക്കിൾ സവാരിക്ക് ശേഷം, എൻ്റെ വീട്ടിൽ മധുരപലഹാരങ്ങൾക്കൊപ്പം രുചികരമായ ദക്ഷിണേന്ത്യൻ ഉച്ചഭക്ഷണം ആസ്വദിക്കാം'' എന്നാണ് സ്റ്റാലിന്‍ കുറിച്ചത്.

രണ്ട് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നവരാണെങ്കിലും വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് രാഹുലും സ്റ്റാലിനും. സഹോദരതുല്യമായ ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെല്ലാം ഈ സൗഹൃദത്തിന്‍റെ ആഴം കണ്ടിട്ടുള്ളതാണ്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഒരു കടയില്‍ നിന്നും മൈസൂര്‍ പാക്ക് വാങ്ങുന്ന രാഹുലിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. വീഡിയോയുടെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീ ആര്‍ക്കാണിതെന്ന് ചോദിക്കുമ്പോള്‍ എന്‍റെ സഹോദരനാണ് എന്ന് രാഹുല്‍ മറുപടി പറയുന്നുണ്ട്. വിഡിയോയുടെ അവസാനഭാഗത്ത് രാഹുല്‍ സ്റ്റാലിന് മൈസൂര്‍ പാക്ക് സമ്മാനിക്കുന്നതും കാണാം.

കോയമ്പത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ ഇരുവരും സംസാരിക്കുകയും എംകെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ പ്രിയ സഹോദരന്‍ എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. തന്‍റെ മൂത്ത സഹോദരനാണ് സ്റ്റാലിനെന്നാണ് രാഹുല്‍ പറയുന്നത്. കഴിഞ്ഞ ജൂണില്‍ സ്റ്റാലിന്‍ രാഹുലിന് ജന്‍മദിനാശംസകള്‍ നേര്‍ന്നപ്പോള്‍ 'തമിഴ്നാട് മുഖ്യമന്ത്രിയുടെ മധുരപലഹാരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന്' കോണ്‍ഗ്രസ് നേതാവ് മറുപടി നല്‍കിയിരുന്നു.

TAGS :

Next Story