Quantcast

കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദലിത് കുടുംബത്തെ ഹിന്ദുത്വസംഘം ആക്രമിച്ചു

സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    2 Jan 2022 8:09 AM GMT

കര്‍ണാടകയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ദലിത് കുടുംബത്തെ ഹിന്ദുത്വസംഘം ആക്രമിച്ചു
X

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ദലിത് കുടുംബത്തെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കര്‍ണാടകയിലെ ബലാഗവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം. ആളുകളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിസംബർ 29ന് അക്ഷയ് കുമാർ എന്ന പാസ്റ്റര്‍ തന്‍റെ വസതിയിൽ പ്രാർഥന നടത്തുമ്പോൾ ഹിന്ദുത്വ സംഘടനയിലെ ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പ്രാര്‍ഥന തടസ്സപ്പെടുത്തുകയായിരുന്നു. കുടുംബം അയൽവാസികളെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് അക്രമികള്‍ ആരോപിച്ചു. അക്രമി സംഘം തന്‍റെ ദേഹത്ത് അടുപ്പത്ത് നിന്നെടുത്ത ചൂടുള്ള സാമ്പാര്‍ ഒഴിച്ചെന്ന് പാസ്റ്ററുടെ ഭാര്യ പറഞ്ഞു. ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചു ആക്ഷേപിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി. ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം വിശദീകരിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രാര്‍ഥന സംഘടിപ്പിച്ചതെന്നും കുടുംബം പറഞ്ഞു.

ആക്രമണം നടത്തിയവരിൽ ഏഴ് പേർക്കെതിരെ എസ്‌.സി, എസ്.ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരം കേസെടുത്തു. ശിവാനന്ദ് ഗോതൂർ, രമേഷ് ദണ്ഡപൂർ, പരസപ്പ ബാബു, ഫക്കീരപ്പ ബാഗേവാഡി, കൃഷ്ണ കനിത്കർ, ചേതൻ ഗദാദി, മഹന്തേഷ് ഹത്തരാകി എന്നിവരാണ് പ്രതികൾ. കുടുംബം മുദലഗി ടൗണിലെ സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.

രാജ്യത്തിന്‍റെ പല ഭാഗത്തും ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് എന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. ക്രിസ്മസ് ആഘോഷിക്കുന്നതില്‍ എന്താ പ്രശ്നം, നിങ്ങളാരാ ചോദ്യംചെയ്യാന്‍ എന്ന് ദലിത് സ്ത്രീകള്‍ ബജ്‍രംഗദള്‍ പ്രവര്‍ത്തകരോട് തിരിച്ചുചോദിക്കുന്ന സാഹചര്യവുമുണ്ടായി.

TAGS :

Next Story