വൈദ്യുതി കേബിൾ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാവിനെ തല്ലിക്കൊന്ന് നാലംഗ സംഘം
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു.
ജയ്പ്പൂർ: കേബിൾ മോഷ്ടിച്ചെന്നാരോപിച്ച് നാലംഗ സംഘം ദലിത് യുവാവിനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ ചുരു ജില്ലയിലെ ഭാനിപുര സ്റ്റേഷൻ പരിധിയിലാണ് സംഭവം. കനയ്യ ലാൽ മേഘ്‌വാൾ എന്നയാളാണ് മരിച്ചത്.
സൂറത്ത്ഗഡ് മുതൽ ബാബായി വരെയുള്ള ഹൈ ടെൻഷൻ ലൈൻ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട വൈദ്യുതി വകുപ്പിലെ കരാറുകാരനു കീഴിൽ ജോലി ചെയ്തിരുന്ന പ്രതികൾ, മോഷണം നടത്തിയെന്ന് ആരോപിച്ച് ഫാമിൽ നിന്ന് രണ്ട് പേരെ പിടികൂടിയ ശേഷം മർദിക്കുകയായിരുന്നു.
വൈദ്യുതി വകുപ്പിൽ നിന്ന് വയർ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. മർദനമേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കനയ്യ ലാൽ മരിച്ചു. കൂടെയുണ്ടായിരുന്ന ഗംഗാറാം മേഘ്‌വാൾ പരിക്കേറ്റ് ചികിത്സയിലാണെന്ന് ഭാനിപുര സ്റ്റേഷൻ ഹൗസ് ഓഫീസർ ഗൗരവ് ഖിരിയ പറഞ്ഞു.
സംഭവത്തിൽ പ്രതികളായ സുമിത് ശർമ, ഗോവിന്ദ് ശർമ, ഭരത് സിങ്, സഞ്ജയ് യാദവ് എന്നിവർക്കെതിരെ കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മേഘ്‌വാളിന്റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. ഇവരെ സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Adjust Story Font
16