Quantcast

ഇന്‍സ്റ്റഗ്രാമില്‍ സൺഗ്ലാസ് ധരിച്ച പ്രൊഫൈൽ ചിത്രം; ഗുജറാത്തിൽ ദളിത് യുവാവിനെ ​ക്രൂരമായി മര്‍ദിച്ച് മുന്നാക്ക ജാതിക്കാര്‍

സവർണർക്ക് മാത്രമെ സണ്‍ഗ്ലാസും ഭംഗിയുള്ള ശിരോവസ്ത്രവും ധരിക്കാന്‍ പാടുള്ളുവെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് യുവാവ് പറയുന്നു

MediaOne Logo

Web Desk

  • Updated:

    2024-07-21 04:32:11.0

Published:

21 July 2024 4:29 AM GMT

ഇന്‍സ്റ്റഗ്രാമില്‍ സൺഗ്ലാസ് ധരിച്ച പ്രൊഫൈൽ ചിത്രം;   ഗുജറാത്തിൽ ദളിത് യുവാവിനെ ​ക്രൂരമായി മര്‍ദിച്ച് മുന്നാക്ക ജാതിക്കാര്‍
X

അഹമ്മദാബാദ്: ഗുജറാത്തിൽ പരമ്പരാഗത ശിരോവസ്ത്രവും സണ്‍ഗ്ലാസും ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് മുന്നാക്ക ജാതിക്കാര്‍. വടക്കന്‍ ഗുജറാത്തിലെ സബര്‍ക്കാന്ത ജില്ലയിലെ ഹിമത് നഗര്‍ താലൂക്കില്‍ സയേബപൂര്‍ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സണ്‍ഗ്‌ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് മുന്നാക്ക ജാതിക്കാരെ പ്രകോപിപ്പിച്ചത്.

ഓട്ടോ ഓടിച്ചാണ് അജയ് പര്‍മര്‍ എന്ന യുവാവ് കുടുംബം പുലര്‍ത്തുന്നത്. ഇക്കഴിഞ്ഞ 18 ന് ഓട്ടോയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ നവനഗര്‍ ബസ്‌സ്റ്റാൻഡിന് സമീപത്തുവെച്ച് രണ്ടുപേർ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ പുതിയ പ്രൊഫൈല്‍ ചിത്രത്തെ കുറിച്ച് പറഞ്ഞായിരുന്നു മര്‍ദനമെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സവർണജാതിയിലുള്ളവർക്ക് മാത്രമെ ശിരോവസ്ത്രവും സണ്‍ഗ്ലാസും ധരിക്കാന്‍ പാടുള്ളുവെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പ്രൊഫൈല്‍ ചിത്രം ഡിലീറ്റ് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിയതിനാലാണ് മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്ന് അജയ് പറഞ്ഞു.

വീട്ടിലേക്ക് പോകുന്നതിനിടയില്‍ തന്നെ മര്‍ദിക്കാന്‍ 25 ഓളം ആളുകള്‍ സംഘടിച്ചെത്തിയിട്ടുണ്ടെന്നും സൂക്ഷിക്കണമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനെ തുടര്‍ന്ന് രക്ഷയ്ക്കായി അച്ഛനെയും സഹോദരനെയും വിളിച്ചു. അവർക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടയിൽ ആള്‍ക്കൂട്ടം തങ്ങളെ വളഞ്ഞു. അവര്‍ എന്നെയും പിതാവിനെയും ക്രൂരമായി മര്‍ദിച്ചു. ജാതിപറഞ്ഞും മറ്റും അപമാനിച്ചു​വെന്ന് അജയ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷക്കായി പൊലീസിനെ വിളിച്ചെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അവരെത്തിയത്.

രാജ്പുത് സമുദായത്തിന് ആധിപത്യമുള്ള ഗ്രാമത്തിലെ ഒരേയൊരു ദളിത് കുടുംബമാണ് തങ്ങളുടേതെന്ന് അജയ് പര്‍മര്‍ പറയുന്നു. അജയുടെ പരാതിയിൽ കിര്‍പാല്‍ സിങ് റത്തോഡ്, മനുസിന്‍ റത്തോഡ് അദ്ദേഹത്തിന്റെ മകന്‍ ഹിതേന്ദ്ര സിങ് റത്തോഡ്, ശുക്കല്‍ സിങ് റാത്തോഡ് എന്നിവരുള്‍പ്പെടെ നാല് പേര്‍ക്കെതി പൊലീസ് കേസെടുത്തു. ഇവര്‍ നിലവില്‍ ഒളിവിലാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഹിമത്‌നഗര്‍ റൂറല്‍ പൊലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജയ് ഗോസ്വാമി പറഞ്ഞു.

ശിരോവസ്ത്രം,കൂര്‍ത്ത ഷൂസ് തുടങ്ങിയവ ധരിച്ചതിന്റെ പേരില്‍ സവര്‍ണജാതിക്കാര്‍ ദലിതുകളെ അക്രമിക്കുന്ന സംഭവം നേരത്തെയും ഗുജറാത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജോലി ചെയ്തതിന് കൂലി ചോദിച്ചതിന് 2023 നവംബറില്‍ 21 വയസ്സുള്ള ദളിത് യുവാവിനെ തൊഴിലുടമയായ സ്ത്രീയുടെ നേതൃത്വത്തിൽ ക്രൂരമായി മര്‍ദിക്കുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗാന്ധിനഗര്‍ ജില്ലയില്‍ വിവാഹാഘോഷയാത്രയുടെ ഭാഗമായി കുതിരപ്പുറത്ത് കയറിയ ദളിത് വരനെ നാല് പേര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉയര്‍ന്ന ജാതിക്കാരനായ ഹോട്ടല്‍ മാനേജര്‍ ദലിത് യുവാവിനെ മര്‍ദിച്ചു കൊന്നിരുന്നു.

TAGS :

Next Story