Quantcast

'പവിത്രയല്ല ദർശന്റെ ഭാര്യ, രേഖകളിൽ അങ്ങനെ എഴുതരുത്'; കമ്മിഷണർക്ക് കത്തെഴുതി വിജയലക്ഷ്മി

പവിത്രയെ ദർശന്റെ ഭാര്യയെന്ന് വിശേഷിപ്പിക്കുന്നത് തനിക്കും മകനും ഭാവിയിൽ ദോഷം ചെയ്യുമെന്നും വിജയലക്ഷ്മി

MediaOne Logo

Web Desk

  • Published:

    4 July 2024 9:32 AM GMT

Darshans wife Says Pavithra Gowda Not Actors Spouse
X

ബംഗളൂരു: നടി പവിത്ര ഗൗഡ കന്നഡ നടൻ ദർശന്റെ സുഹൃത്ത് മാത്രമാണെന്ന് ദർശന്റെ ഭാര്യ വിജയലക്ഷ്മി. നിയമപ്രകാരം താനാണ് ദർശന്റെ ഭാര്യയെന്നും പത്രസമ്മേളനങ്ങളിലടക്കം പൊലീസ് പവിത്രയെ ദർശന്റെ ഭാര്യയെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണന്നും ബംഗളൂരു പൊലീസ് കമ്മിഷണർക്കയച്ച കത്തിൽ വിജയലക്ഷ്മി വ്യക്തമാക്കി. ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ദർശന്റെ ജുഡീഷ്യൽ കസ്റ്റഡി ഇന്നവസാനിക്കാനിരിക്കേയാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് വിജയലക്ഷ്മി കത്തയച്ചിരിക്കുന്നത്.

കമ്മിഷണർ ദയാനന്ദ, പവിത്രയെ ദർശന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചത് മൂലം ദേശീയ മാധ്യമങ്ങളുൾപ്പടെ അവരെ അങ്ങനെയാണ് രേഖപ്പെടുത്തുന്നതെന്നും ഇത് അധാർമികമാണെന്നുമാണ് വിജയലക്ഷ്മിയുടെ കത്ത്. പൊലീസ് രേഖകളിലടക്കം അങ്ങനെ വിശേഷിപ്പിക്കുന്നത് തനിക്കും മകനും ഭാവിയിൽ ദോഷം ചെയ്യുമെന്നും അവർ കത്തിൽ വ്യക്തമാക്കുന്നു.

കത്തിന്റെ പൂർണരൂപം:

രേണുകാസ്വാമി കൊലപാതകക്കേസിൽ ദർശൻ ദമ്പതികൾ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന താങ്കളുടെ പരാമർശം ദേശീയ മാധ്യമങ്ങൾ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായി. കർണാടക ആഭ്യന്തര മന്ത്രിയും ആ പരാമർശം ആവർത്തിച്ചു. പവിത്രയെ ദർശന്റെ ഭാര്യയെന്ന് രേഖപ്പെടുത്തുന്നത് ഭാവിയിൽ എനിക്കും എന്റെ മകൻ വിനീഷിനും ദോഷം ചെയ്യും.

നിയമപരമായി ദർശനെ വിവാഹം ചെയ്ത ഒരേയൊരാൾ ഞാനാണ്. 2003 മെയ് 19ന് ധർമസ്ഥലയിൽ (കർണാടകയിലെ ഒരു തീർഥാടന കേന്ദ്രം) വെച്ചായിരുന്നു ഞങ്ങളുടെ വിവാഹം. പവിത്ര, സഞ്ജയ് സിങ് എന്നയാളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ആ ബന്ധത്തിൽ അവർക്കൊരു മകളുമുണ്ട്. ദർശന്റെ സുഹൃത്ത് മാത്രമാണ് പവിത്ര, ഭാര്യയല്ല. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് നീതിന്യായവ്യവസ്ഥയിൽ പൂർണവിശ്വാസമുണ്ട്.

രേണുകാസ്വാമി കൊലപാതകക്കേസിൽ നിലവിൽ പാരപ്പന അഗ്രഹാര ജയിലിലാണ് പവിത്രയും ദർശനും. ഇരുവരുമുൾപ്പടെ 17 പേരാണ് കേസിൽ നിലവിൽ ജയിലിൽ കഴിയുന്നത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ച രേണുകാസ്വാമി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതാണ് കേസ്.

TAGS :

Next Story