ഭീകരപ്രവര്‍ത്തനം, ട്രെയിനിലെ ബോംബ് സ്ഫോടനം: യു.പിയില്‍ ഏഴ് പേർക്ക് വധശിക്ഷ
2017 മാര്‍ച്ച് 8ന് കാണ്‍പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ ഏഴ് പേർക്ക് വധശിക്ഷ. ലഖ്‌നൗ എന്‍.ഐ.എ കോടതിയുടേതാണ് ഉത്തരവ്. ഒരാൾക്ക് ജീവപര്യന്തം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
2017 മാര്‍ച്ച് 8ന് കാണ്‍പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. പ്രതികള്‍ക്ക് ഐ.എസുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു.
2017ല്‍ ഉത്തർപ്രദേശിൽ ട്രെയിനിനുള്ളിലുണ്ടായ ബോംബ് സ്‌ഫോടനം ഉൾപ്പെടെ വിവിധ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, മുഹമ്മദ് അസ്ഹർ, ആതിഫ് മുസാഫർ, മുഹമ്മദ് ഡാനിഷ്, സയ്യിദ് മീർ ഹുസൈൻ, റോക്കി എന്ന ആസിഫ് ഇഖ്ബാൽ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. മുഹമ്മദ് ആതിഫിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പ്രതികള്‍ തീവ്രവാദിയായ സൈഫുല്ലയ്‌ക്കൊപ്പം ലഖ്‌നൗവില്‍ ഒളിത്താവളം സ്ഥാപിച്ച് ചില സ്‌ഫോടകവസ്തുക്കൾ പരീക്ഷിച്ചെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
സംഘം വിവിധ സ്ഥലങ്ങളിൽ നിന്ന് അനധികൃതമായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചെന്നും എന്‍.ഐ.എയുടെ റിപ്പോര്‍ട്ടിലുണ്ട്. 2017 മാർച്ച് 7ന് ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ പൊട്ടിത്തെറിച്ച സ്ഫോടകവസ്തു നിര്‍മിച്ചത് ആതിഫും ഡാനിഷും ഹുസൈനും സൈഫുല്ലയും ചേര്‍ന്നാണെന്ന് എന്‍.ഐ.എ വക്താവ് പറഞ്ഞു. 2017 ആഗസ്തിലാണ് എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 'മറ്റൊരു നാഴികക്കല്ല്' എന്നാണ് എന്‍.എ.ഐ വിധിയെ വിശേഷിപ്പിച്ചത്.
2017 മാർച്ച് 7ന് റെയ്ഡിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സൈഫുല്ല കൊല്ലപ്പെട്ടിരുന്നു. ഐ.എസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും ഇന്ത്യയിൽ അവരുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് പ്രതികൾ ഒന്നിച്ചതെന്ന് എൻ.ഐ.എ പറഞ്ഞു.
Summary- A special NIA court in Lucknow has sentenced death penalty to seven in a 2017 case related to various terror activities, including a bomb blast inside a train in Uttar Pradesh
Adjust Story Font
16