സച്ചിൻ ടെണ്ടുൽക്കറുടെ പേരിലും ഡീപ്ഫേക്ക് വീഡിയോ; നടപടി വേണമെന്ന് താരം
ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന രീതിയിലാണ് സച്ചിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നത്.
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ്ഫേക്ക് വീഡിയോ തയാറാക്കി പ്രചരണം. ഓൺലൈൻ ഗെയിം പരിചയപ്പെടുത്തുന്ന രീതിയിലാണ് സച്ചിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നത്. താനും മകളും ഈ ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും പണമുണ്ടാക്കാറുണ്ടെന്നുമുള്ള രീതിയിലായിരുന്നു വ്യാജ വീഡിയോ.
തന്റെ ഡീപ്പ്ഫേക്ക് വീഡിയോ തയാറാക്കി പ്രചരിപ്പിച്ചതിനെതിരെ സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. സാങ്കേതികവിദ്യ ഇങ്ങനെ ഉപയോഗിക്കുന്നതിൽ ആശങ്കയുണ്ടെന്ന് സച്ചിൻ പറഞ്ഞു. സംഭവത്തിൽ അടിയന്തരമായി നടപടിയെടുക്കണമെന്നും താരം ആവശ്യപ്പെട്ടു.
എക്സിൽ വീഡിയോ പങ്കുവച്ചാണ് സച്ചിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങൾ ഇത്തരം ഡീപ്‌ഫേക്ക് വീഡിയോകൾ ഗൗരവമായെടുക്കണമെന്നും വ്യാജ വീഡിയോകൾ റിപ്പോർട്ട് ചെയ്യണമെന്നും സച്ചിൻ ട്വീറ്റിൽ പറയുന്നു. നിർമിതബുദ്ധിയിൽ ഡീപ്‌ഫേക്ക് നടത്തി നിർമിച്ചതാണ് വീഡിയോ. തീരെ ജനശ്രദ്ധ നേടാത്ത ഒരു ഓൺലൈൻ ഗെയിമിന്റെ പേരിലായിരുന്നു പ്രചരണം.
ഈ ഗെയിം കളിക്കുന്നതുവഴി ദിവസവും 18000 രൂപ വരെ സമ്പാദിക്കാൻ കഴിയുമെന്നും തന്റെ മകൾ അത്തരത്തിൽ നേടുന്നുണ്ടെന്നും പറഞ്ഞായിരുന്നു വീഡിയോ. ഒറ്റ നോട്ടത്തിൽ വ്യാജ വീഡിയോ ആണെന്ന് മനസിലാവാത്ത വിധം സച്ചിന്റെ അതേ രൂപത്തിലും ശബ്ദത്തിലുമായിരുന്നു വീഡിയോ നിർമിച്ചിരുന്നത്.
ട്വീറ്റിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയുൾപ്പെടെ സച്ചിൻ ടാഗ് ചെയ്തിട്ടുണ്ട്. നേരത്തെ നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോയും പ്രചരിച്ചിരുന്നു. ഇതിനെതിരെ താരം പരാതി നൽകുകയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16