ദീപികയുടെ ഓറഞ്ച് വസ്ത്രത്തിന് കട്ടില്ല; പഠാൻ സിനിമയിലെ ഗാനത്തിന് സെൻസർ ബോർഡിന്റെ പാസ്
പാട്ടിലെ ചില വൈകാരിക ചലനങ്ങൾക്കുൾപ്പെടെ പത്തിലേറെ കട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചത്.
ന്യൂഡൽഹി: ഷാരൂഖ് ഖാൻ നായകനായ പഠാൻ സിനിമയിലെ ഗാനരംഗത്തിലെ നടി ദീപിക പദുകോണിന്റെ വിവാദ വസ്ത്രത്തിന് സെൻസർ ബോർഡിന്റെ കട്ട് ഇല്ല. ദീപികയുടെ ഓറഞ്ച് നിറമുള്ള വസ്ത്രത്തെ ചൊല്ലി ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും തുടർന്ന് ചില മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങളിൽ ദീപികയുടെ ബിക്കിനിയുൾപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. പാട്ടിലെ ചില വൈകാരിക ചലനങ്ങൾക്കുൾപ്പെടെ പത്തിലേറെ കട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചത്. ചില വാക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 'ലാൻഗ്ഡെ ലുല്ലു' എന്നത് 'ടൂതെ ഫൂതെ' ആയും 'അശോക് ചക്ര' എന്നത് 'വീർ പുരസ്കാർ' ആയും 'എക്സ് കെ.ജി.ബി' എന്നത് എക്സ് എസ്.ബി.യു' ആയും 'മിസിസ് ഭാരത് മാതാ' എന്നത് 'ഹമാരി ഭാരത് മാതാ' ആയുമാണ് മാറ്റിയിരിക്കുന്നത്.
എന്നാൽ ഗാനവും അതിലെ വേഷവും അതുപോലെ തന്നെ തുടരും. ഷോട്ടുകളിൽ കുറച്ച് തിരുത്തലുകൾ നിർദേശിക്കപ്പെട്ടെണ്ടെങ്കിലും വസ്ത്രത്തിന് സി.ബി.എഫ്.സിയിൽ നിന്ന് പാസ് കിട്ടുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഗാനങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്ന് ഡിസംബർ 29ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പ്രസൂണ്‍ ജോഷി പറഞ്ഞിരുന്നു. ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് സിനിമയ്ക്കും നായകനായ ഷാരൂഖ് ഖാനുമെതിരെ സംഘ്പരിവാർ സംഘടനകളും ബി.ജെ.പിയും വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ചിത്രത്തിനെതിരെ സംഘ്പരിവാർ അനുകൂലികൾ പരാതി നൽകുകയും ചെയ്തിരുന്നു. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമത്തിന് എതിരാണെന്ന പരാതിയിൽ ഡിസംബർ 17ന് ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബി.ജെ.പി അനുയായി ആയ സജ്ഞയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ ഓജ ബിഹാർ മുസഫർ നഗർ കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിൽ കേസ് എടുക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ഒരിടവേളയ്ക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പഠാൻ. ചിത്രത്തിലെ 'ബേഷറാം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദമുണ്ടായത്. ഷാരൂഖും ദീപിക പദുകോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമായിരുന്നു പ്രതിഷേധത്തിനു കാരണം.
ജനുവരി 25നാണ് പഠാന്‍ തിയേറ്ററുകളിലെത്തുക. റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒടിടി വിതരണാവകാശത്തിലൂടെയാണ് ഈ നേട്ടം. ആമസോൺ പ്രൈമാണ് പഠാന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. 250 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. സിദ്ധാർഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്തത്.
Adjust Story Font
16