മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വിധി 20ന്
മോദി പരാമർശത്തിൽ രാഹുൽ ഖേദപ്രകടനം പോലും നടത്തിയില്ലെന്നു പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തി
രാഹുല്‍ ഗാന്ധി
സൂറത്ത്: മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെതിരെയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി 20ലേയ്ക്ക് മാറ്റി. കേസിൽ അന്ന് വിധി പറയും. തനിക്കെതിരെയുള്ള കുറ്റം സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സെഷൻ കോടതി ഇന്ന് അംഗീകരിച്ചില്ല. മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് നടപടികൾ മരവിപ്പിച്ചത്.
മണിക്കൂറുകൾ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് 20ലേക്ക് മാറ്റിയത്. സൂറത്ത് സെഷൻസ് കോടതി ഇതുവരെ കാണാത്ത സീനിയർ അഭിഭാഷകരുടെ വാദപ്രതിവാദമാണ് നടന്നത്. രാഹുലിനായി ആർ.എസ്. ചീമയാണ് വാദിച്ചത്. ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്താണ് പരാതി നൽകിയതെന്നും ഒരു കാരണവശാലും ഒരു സമുദായത്തെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. കർണാടകയിലെ കോലാറിൽ നടന്ന സംഭവത്തിൽ സൂറത്തിൽ എങ്ങനൊയാണ് കേസെടുക്കുന്നതെന്നും ഇത് ചണ്ഡിഗഢിലായിരുന്ന് കണ്ടാൽ അവിടെ കേസെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വലിയ അഹങ്കാരമുള്ള നേതാവാണ് രാഹുൽഗാന്ധിയെന്നും വിവാദ പരാമർശത്തിൽ ഖേദപ്രകടനം പോലും നടത്തിയില്ലെന്നും പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ ഹർഷിത് തോലിയ കുറ്റപ്പെടുത്തി. സെഷൻ കോടതി കേസ് നൽകുമ്പോൾ അദ്ദേഹം നേരിട്ട് ഹാജരാകുന്നതിന് പകരം വലിയ ജനക്കൂട്ടവുമായാണ് എത്തിയതെന്നും ഇളവ് നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
മോദി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സൂറത്ത് സി.ജെ.എം കോടതി വിധി റദ്ദാക്കണമെന്നും അപ്പീലിൽ അന്തിമ തീർപ്പുണ്ടാകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ അപ്പീൽ നൽകിയിരിക്കുന്നത്. വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിക്ക് ലോക്‌സഭ അംഗത്വം തിരികെ ലഭിക്കും. എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ബി.ജെ.പി എം.എൽ.എയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്. രാഹുൽ കുറ്റക്കാരനാണെന്ന് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ടു വർഷം തടവ് വിധിക്കുകയും ചെയ്തു. വിധിക്ക് പിന്നാലെയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയത്.
Defamation case: Verdict on Rahul Gandhi's appeal on 20
Adjust Story Font
16