കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും
കോവാക്സിന്‍റെ മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലമാണ് സമിതി പരിശോധിക്കുക
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും. വാക്സിന് അംഗീകാരം നൽകുന്ന വിദഗ്ധ സമിതി ഒക്ടോബർ 5ന് ശേഷം മാത്രമേ യോഗം ചേരൂ. കോവാക്സിന്‍റെ മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലമാണ് സമിതി പരിശോധിക്കുക
ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിൻ 77.8 ശതമാനം ഫലപ്രാപ്തിയാണ് കോവിഡിനെതിരെ കാണിക്കുന്നത്. രാജ്യത്ത് നടത്തിയ മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങളാണ് നിലവിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതിക്ക് ഭാരത് ബയോടെക് കൈമാറിയത്. ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് പരീക്ഷണ റിപ്പോർട്ട് പഠിച്ചതിന് ശേഷം ഈ ആഴ്ച തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ അഡ്വൈസറി ഗ്രൂപ്പ് യോഗം ഒക്ടോബർ 5ന് ശേഷം മാത്രമേ ഉണ്ടാകൂ എന്ന് യുഎൻ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശ രാജ്യങ്ങളിലേക്ക് പോകാൻ കഴിയൂ. അംഗീകാരം ലഭിച്ചാൽ വാക്സിൻ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനും കഴിയും. ഒക്ടോബർ 5ന് ശേഷം വാക്സിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരത് ബയോടെക് അറിയിച്ചു. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് വാക്സിന് ലോകാരോഗ്യ സംഘടന നേരത്തെ അനുമതി നൽകിയിട്ടുണ്ട്.
Adjust Story Font
16