ആംആദ്മി എം.എൽ.എ അമാനത്തുല്ലാ ഖാന്റെ സഹായിയുടെ വീട്ടിൽ റെയ്ഡ്; 12 ലക്ഷവും തോക്കും പിടിച്ചെടുത്തു
വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ അമാനത്തുല്ലാ ഖാന്റെ സഹായിയുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ്. ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) നടത്തിയ റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തു. അമാനത്തുല്ലയുടെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
സാക്കിർ നഗർ, ബട്ല ഹൗസ്, ജാമിഅ നഗർ ഉൾപ്പെടെ ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന. പണത്തിനൊപ്പം നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്. വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
അലിയുടെ ജാമിഅ നഗറിലെ വീട്ടിൽ നിന്നാണ് പണവും മറ്റും കണ്ടെത്തിയത്. ആയുധം ബെറെറ്റ പിസ്റ്റളാണെന്നും ഇതിൽ ബുള്ളറ്റുകളുണ്ടെന്നും എ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. എഎപി നേതാവിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഖാനെ ഇന്ന് എ.സി.ബി ചോദ്യം ചെയ്തു. 2020ലെ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 12ഓടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഡൽഹി വഖഫ് ബോർഡ് ചെയർമാൻ കൂടിയാണ് ഓഖ്‌ല എംഎൽഎയായ അമാനത്തുല്ലാ ഖാൻ. പുതിയ വഖഫ് ബോർഡ് ഓഫീസ് നിർമിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചതായി അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Adjust Story Font
16